സ്റ്റീലിനെക്കാൾ കരുത്തുറ്റ ഒരു പുതിയ മിശ്രലോഹം കണ്ടെത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കൻ ഗവേഷകർ. ചെമ്പ്, ടന്റാലം, ലിഥിയം എന്നിവയുടെ സങ്കരം തീവ്രമായ താപനിലയെയും അതിശക്തമായ സമ്മർദ്ദത്തെയും അതിജീവിക്കാൻ ശേഷിയുള്ളതാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ കണ്ടുപിടുത്തം വ്യോമയാന, പ്രതിരോധ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, ഈ പുതിയ മിശ്രലോഹം 800 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ പോലും അതിന്റെ ഘടനയും കരുത്തും നിലനിർത്തും എന്നതാണ്. നാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സങ്കരം രൂപപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഗ്യാസ് ടർബൈൻ എൻജിനുകൾ പോലുള്ള ഉയർന്ന സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നത് നിക്കൽ അധിഷ്ഠിത സൂപ്പർ അലോയ്കളാണ്. ഇവയ്ക്ക് ഉയർന്ന ബലവും നാശന പ്രതിരോധ ശേഷിയും ഉയർന്ന താപനിലയിൽ സ്ഥിരതയോടെ നിൽക്കാനുള്ള കഴിവും ഉണ്ട്. എന്നാൽ, ഈ സൂപ്പർ അലോയ്കളുടെ പ്രധാന പോരായ്മ അവയുടെ കുറഞ്ഞ വൈദ്യുത ചാലകശക്തിയാണ്. ഇത് ചില പ്രത്യേക ഉപയോഗങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ടന്റാലം എന്ന മൂലകത്തിന്റെ രണ്ട് പാളികൾക്കിടയിൽ കോപ്പർ-ലിഥിയം കണങ്ങൾ നിക്ഷേപിച്ചാണ് ഈ അത്ഭുതകരമായ ലോഹം നിർമ്മിച്ചിരിക്കുന്നത്. മിശ്രലോഹത്തിന്റെ ബലവും താപ സ്ഥിരതയും വർദ്ധിപ്പിക്കാൻ ചെറിയ അളവിൽ ലിഥിയവും ഇതിൽ ചേർത്തതായി ഗവേഷകർ പറയുന്നു.
ഈ കണ്ടുപിടുത്തം അമേരിക്കയുടെ പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് സാധ്യത നൽകുന്നുണ്ട് എന്നതിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായ അമേരിക്ക, നൂതന സാങ്കേതികവിദ്യകൾക്ക് എപ്പോഴും മുൻഗണന നൽകുന്ന ഒരു രാജ്യം കൂടിയാണ്. ലോക രാജ്യങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അമേരിക്കയുടെ അടിയന്തിര ആവശ്യമാണ്.