പൊന്നിൻ കുടം സമർപ്പിച്ച് അമിത് ഷാ; രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻ കുടം സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ട്രസ്റ്റിമാർ രാജരാജേശ്വരന്റെ ചിത്രം നൽകി സ്വീകരിച്ചു. ഭരണി നക്ഷത്രത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലെ പ്രധാന വഴിപാട് ആയ പൊന്നിൻ കുടം സമർപ്പിച്ചത്. കൂടാതെ പട്ടം താലി വഴിപാടും കഴിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച അനാഛാദനം ചെയ്ത ശിവന്റെ വെങ്കല ശിൽപവും ക്ഷേത്രത്തിലെ ആനയായ ഗണപതിയേയും വീക്ഷിച്ചു. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ നടയിരുത്തിയതാണ് ഈ ആന. ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

രണ്ടാം തവണയാണ് അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്നത്.നാല് മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം റോഡ് മാർഗമാണ് തളിപ്പറമ്പിലേക്ക് പോയത്. ആളുകൾ കാത്തു നിന്നിടത്തെത്തിയപ്പോൾ വാഹനം വേഗത കുറയ്ക്കുകയും വാഹനത്തിലിരുന്ന് അമിത് ഷാ അഭിവാദ്യം ചെയ്യുകയുമാണുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അമിത് ഷായെ കാണാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *