ആർഭാടങ്ങളും മുൻകൂട്ടി നിശ്ചയിച്ച പ്രസംഗങ്ങളും നിറഞ്ഞ സിനിമാ പുരസ്‌കാര വേദികളിൽ തന്റെ തനതായ ശൈലിയിലുള്ള ലാളിത്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ബേസിൽ ജോസഫ്. ‘ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ, മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയ ശേഷം ബേസിൽ നടത്തിയ പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. തന്റെ പരിഭ്രമവും ആവേശവും ആരാധനയും ഒട്ടും മറച്ചുവയ്ക്കാതെ തികച്ചും സ്വാഭാവികമായും നർമം കലർത്തിയും അദ്ദേഹം സംസാരിച്ചപ്പോൾ അത് കേവലം ഒരു നന്ദി പ്രസംഗത്തിനപ്പുറം കാണികളുടെ ഹൃദയത്തിൽ തട്ടുന്ന ഒന്നായി മാറി. ഒരു സംവിധായകനിൽ നിന്ന് മികച്ച നടനിലേക്കുള്ള തന്റെ പരിവർത്തനത്തെക്കുറിച്ചും, ലോകോത്തര പ്രതിഭകൾക്ക് മുന്നിൽ നിൽക്കുമ്പോൾ തോന്നിയ നിഷ്കളങ്കമായ അമ്പരപ്പിനെക്കുറിച്ചുമുള്ള ബേസിലിന്റെ വാക്കുകൾ ഒരു നടന്റെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ നിമിഷങ്ങളിലൊന്നായി ആരാധകർ വിശേഷിപ്പിക്കുന്നു. സംവിധായകരായ രാജ് കുമാർ ഹിറാനിയിൽ നിന്നും വിധു വിനോദ് ചോപ്രയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ബേസിൽ വേദി വിടുന്നതിന് മുൻപ് ഇവർക്കൊപ്പം ഒരു സെൽഫി കൂടി ചോദിച്ചു വാങ്ങിയത് ചടങ്ങിന് മാറ്റുകൂട്ടി.
