കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും വലിയ തമാശ എന്താണെന്ന് അറിയണ്ടേ? നമ്മുടെ കോൺഗ്രസ് തന്നെയാണ് ആ തമാശ! നിയമ സഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, എൽ.ഡി.എഫും ബി.ജെ.പിയും ഒക്കെ ചുവരെഴുത്തും പ്രചാരണവും തുടങ്ങി, എല്ലാവരും വോട്ട് പിടിക്കാനുള്ള ഓട്ടത്തിലാണ്. പക്ഷേ, നമ്മുടെ കോൺഗ്രസ് നേതാക്കൾ മാത്രം ഇപ്പോഴും സീറ്റിന് വേണ്ടി പരസ്പരം തല്ലുകൂടുന്ന തിരക്കിലാണ്. സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് അറിയാത്ത അവസ്ഥയാണ്.
കണ്ണൂരിൽ കെ. സുധാകരൻ ഒരു വശത്ത് “എന്നെ തൊട്ടാൽ വിവരം അറിയും” എന്നും പറഞ്ഞ് ഉറച്ചു നിൽക്കുന്നു. മറുവശത്ത് പാർട്ടിയുടെ പുതിയ ‘അച്ചുതണ്ട്’ നേതാക്കൾ അദ്ദേഹത്തെ എങ്ങനെ വെട്ടി നിരത്താം എന്ന് നോക്കി കത്രികയുമായി ഇരിക്കുന്നു. ഇതിനിടയിൽ പാവം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആവട്ടെ, എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി, എന്നിട്ടും സ്വന്തം പാർട്ടിക്കുള്ളിലെ ഈ അടി തീർക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഈ ‘സീറ്റ് കളി’ കാണുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്. അല്ലെങ്കിലും കോൺഗ്രസിൽ ഇതിലൊക്കെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? ഗ്രൂപ്പും തമ്മിലടിയും ഇല്ലെങ്കിൽ പിന്നെ അത് കോൺഗ്രസ് ആവില്ലല്ലോ. നമുക്ക് നോക്കാം, എന്താണ് ഈ കോൺഗ്രസിൽ യഥാർത്ഥത്തിൽ നടക്കുന്നത് എന്ന്.നമുക്ക് ആദ്യം നമ്മുടെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിൽ നിന്ന് തന്നെ തുടങ്ങാം. പാവം, അധ്യക്ഷൻ എന്നൊക്കെ പേരുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ടാൽ ഏതൊരു ശത്രുവിനും സങ്കടം തോന്നും. സാധാരണ ഒരു പാർട്ടിയുടെ അധ്യക്ഷൻ എന്ന് പറഞ്ഞാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കേണ്ട ആളാണ്. എന്നാൽ കോൺഗ്രസിൽ അങ്ങനെയല്ല. ഇവിടെ സണ്ണി ജോസഫ് ഒരു വശത്ത് ഹൈക്കമാൻഡ് നോമിനികൾ, മറുവശത്ത് ഗ്രൂപ്പ് മാനേജർമാർ, ഇതിനിടയിൽപ്പെട്ട് തീർത്തും നിസ്സഹായനാണ്.
പുള്ളിക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോയിട്ട്, ഒന്ന് ഉറക്കെ ശ്വാസം വിടാൻ പോലും പേടിയാണെന്ന് തോന്നുന്നു. ആര് എന്ത് പറഞ്ഞാലും “ശരി, നോക്കാം” എന്ന് പറയേണ്ടി വരുന്ന ഒരു അധ്യക്ഷൻ. . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വന്തം ജില്ലയായ കണ്ണൂരിലെ സ്ഥാനാർത്ഥിയെപ്പോലും നിശ്ചയിക്കാനാകാത്ത അധ്യക്ഷനെ സമ്മതിക്കണം! ഈ നിസ്സഹായാവസ്ഥ കാണുമ്പോഴാണ് കോൺഗ്രസിന്റെ ഒരു ഗതികേട് നമുക്ക് മനസ്സിലാകുന്നത്.
ഇനി നമുക്ക് ഈ പ്രശ്നത്തിന്റെ യഥാർത്ഥ കേന്ദ്രമായ കണ്ണൂരിലേക്ക് പോകാം. അവിടെയാണ് നമ്മുടെ കെ. സുധാകരൻ നിലയുറപ്പിച്ചിരിക്കുന്നത്. സുധാകരൻ എന്ന് പറഞ്ഞാൽ വെറും ഒരു നേതാവല്ല, കണ്ണൂരിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു അല്ലെങ്കിൽ അങ്ങനെ പുള്ളി വിചാരിക്കുന്നു. തന്റെ തട്ടകമായ കണ്ണൂരിൽ തന്നെ തള്ളാൻ ആരെയും സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരൻ. അങ്ങേര് ഡൽഹിയിൽ ചർച്ചയ്ക്ക് പോയിരിക്കുന്നത് തന്നെ ഒരു യുദ്ധത്തിന് പോകുന്ന ഭാവത്തിലാണ്.
സുധാകരന്റെ നിലപാട് വ്യക്തമാണ്: “കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോൾ എനിക്ക് നിയമസഭയിലേക്ക് സീറ്റ് തരാമെന്ന് ഉറപ്പ് നൽകിയിരുന്നു, അത് പാലിക്കണം”. എന്നാൽ പാർട്ടിയുടെ പുതിയ അധികാര കേന്ദ്രങ്ങളായ കെ.സി. വേണുഗോപാലും വി.ഡി. സതീശനും ചേർന്ന് ‘എം.പിമാർ മത്സരിക്കേണ്ട’ എന്നൊരു പുതിയ നിയമം കൊണ്ടുവന്നു. ഇത് കേട്ടപ്പോൾ സുധാകരൻ ചുമ്മാ ഇരിക്കുമോ? “അതൊക്കെ വേറെ ആർക്കെങ്കിലും, എനിക്ക് കണ്ണൂരിൽ തന്നെ വേണം” എന്നാണ് പുള്ളിയുടെ വാശി. സുധാകരൻ നിർദ്ദേശിക്കുന്ന പേരിനെ വെട്ടി സതീശൻ സ്വന്തം നോമിനിയെ കണ്ണൂരിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതാണ് സുധാകരനെ ചൊടിപ്പിച്ചത്. സുധാകരൻ പക്ഷം നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്: കണ്ണൂരിൽ സുധാകരനെ തൊടാൻ ശ്രമിച്ചാൽ വിവരം അറിയും! ഡൽഹിയിൽ ചർച്ചകൾക്കായി എത്തിയ സുധാകരൻ, തനിക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന സൂചനയാണ് നൽകുന്നത്. കണ്ണൂരിൽ തന്നെ തഴഞ്ഞ് മറ്റൊരു പരീക്ഷണത്തിന് മുതിർന്നാൽ അത് ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സുധാകരൻ പക്ഷം മുന്നറിയിപ്പ് നൽകുന്നു.
നേതാക്കൾ ഇങ്ങനെ തമ്മിൽ തല്ലുമ്പോൾ അണികൾ ചുമ്മാ ഇരിക്കുമോ? അവർ അവരുടെ രീതിയിൽ പ്രതിഷേധം തുടങ്ങി. കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെ സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു! എന്താണ് ഈ ബോർഡുകളിൽ എഴുതിയിരിക്കുന്നത് എന്ന് അറിയണ്ടേ? “നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്‌മ ചെയ്താൽ… തിരിച്ചടി നേരിടേണ്ടി വരും!”. അതായത് കെ. സുധാകരനെ വെട്ടിയാൽ സണ്ണി ജോസഫിന് വോട്ടില്ല!
ഒരു പാർട്ടി അധ്യക്ഷന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിൽ തന്നെ അദ്ദേഹത്തിനെതിരെ സ്വന്തം അണികൾ ഫ്ലെക്സ് വെക്കുന്ന കാഴ്ച! ഇത് കോൺഗ്രസിൽ അല്ലാതെ വേറെ എവിടെയെങ്കിലും കാണാൻ പറ്റുമോ? വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണെങ്കിൽ ഇപ്പോൾ പൂരമാണ്. പേരാവൂരിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കെ സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിന് വോട്ടില്ലെന്ന് പ്രചാരണം നടക്കുന്നുണ്ട്. കെ സുധാകരന് സീറ്റ് കൊടുത്തില്ലെങ്കിൽ സണ്ണി ജോസഫിന് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങരുതെന്നാണ് ആഹ്വാനം. ഈ പുകയുന്ന പ്രതിഷേധം കാണുമ്പോൾ നേതൃത്വം ശരിക്കും ഭയക്കുന്നുണ്ട്. നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിനു മുന്നിലും കെ സുധാകരൻ അനുകൂല ഫ്ലെക്സ് വച്ചിരുന്നു. അണികൾ ഇങ്ങനെ തെരുവിൽ തല്ലുകൂടുമ്പോൾ നേതാക്കൾ ഡൽഹിയിൽ എയർകണ്ടീഷൻ മുറിയിലിരുന്ന് ചർച്ച നടത്തുന്നു. എന്ത് രസകരമായ കാഴ്ച!
ഇതിനിടയിൽ മറ്റ് ചില നേതാക്കളുടെ അവസ്ഥ കൂടി നോക്കാം. അടൂർ പ്രകാശിന്റെ കാര്യം തന്നെയെടുക്കാം. കോന്നിയിൽ മത്സരിക്കാൻ പുള്ളിക്കും വലിയ ആഗ്രഹമുണ്ട്. പുള്ളി അത് തുറന്നു പറയുകയും ചെയ്തു. പക്ഷേ സുധാകരന്റെ അത്രയും രാഷ്ട്രീയ കരുത്തില്ലാത്ത അടൂർ പ്രകാശിനെ ഒതുക്കാൻ കെസി-വിഡി അച്ചുതണ്ടിന് എളുപ്പമായി. “അതൊക്കെ പിന്നെ നോക്കാം, ഇപ്പോൾ മാറി നിൽക്ക്” എന്ന് പറഞ്ഞ് പുള്ളിയെ അങ്ങ് മാറ്റി നിർത്തി.
ഇനി നമ്മുടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ അവസ്ഥ നോക്കൂ. പഴയ ‘ഐ’ ഗ്രൂപ്പിന്റെ തലവനായിരുന്ന ചെന്നിത്തലയ്ക്ക് പോലും ഇപ്പോൾ ഈ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പൂർണ്ണമായും കെസി-വിഡി ഗ്രൂപ്പ് പിടിമുറുക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിനെ മറികടക്കാൻ രമേശ് ചെന്നിത്തലയ്ക്ക് പോലും കഴിയുന്നില്ലെന്നത് ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതിന്റെ തെളിവാണ്. പണ്ട് ഗ്രൂപ്പ് യോഗം വിളിച്ച് സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്ന നേതാക്കൾ ഇപ്പോൾ ഹൈക്കമാൻഡിന്റെ വാതിലിൽ മുട്ടി നിൽക്കുന്ന കാഴ്ച സങ്കടകരമാണ് (അല്ലെങ്കിൽ ചിരിപ്പിക്കുന്നതാണ്).

Leave a Reply

Your email address will not be published. Required fields are marked *