വീണ്ടും വിമാനാപകടം; അമേരിക്കയിൽ ഒറ്റ എഞ്ചിൻ വിമാനം തകർന്നുവീണ് നാല് മരണം

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വിമാനാപകടം. ഒറ്റ എഞ്ചിൻ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് പേർക്ക് ജീവൻ നഷ്ടമായി. ഇല്ലിനോയിസ് ട്രില്ലയിലാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. സെസ്ന സി 180 ജിയിൽ പ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ട്രില്ലയിൽ തകർന്നു വീണതെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.

ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിലെ വയലിനോട് ചേർന്നാണ് അപകടമുണ്ടായത്. ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടവരിലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ തിരിച്ചറിയൽ രേഖകൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സിംഗിൾ എഞ്ചിൻ സെസ്ന C 180 G വിമാനം ഷാംപെയ്‌നിൽ നിന്ന് ഏകദേശം 65 മൈൽ തെക്കുള്ള ട്രില്ലയിലാണ് തകർന്നുവീണത്.

മാരകമായ അപകടം നടന്ന് മണിക്കൂർ പിന്നിട്ടപ്പോഴും വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു എന്ന് ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസ് വിവരിച്ചു. ഇല്ലിനോയിസിലെ മാറ്റൂണിലുള്ള കോൾസ് കൗണ്ടി മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് ഏറെ അകലെയാണ് സംഭവം നടന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ് എ എ) പറഞ്ഞതായാണ് റിപ്പോർട്ട്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ ടി ‌എസ്‌ ബി) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, വിമാനം വൈദ്യുതി ലൈനുകളിൽ ഇടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കിയിൽ അടുത്തിടെയായി വലുതും ചെറുതമായ നിരവധി വിമാനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ ജനുവരിയിൽ അമേരിക്കയിൽ യാത്രാവിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അന്നത്തെ അപകടത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *