ആപ്പിളിന്റെ അപ്‌ഡേറ്റുകൾക്ക് ആളുകളുടെ ഇടയിൽ വമ്പൻ സ്വീകാര്യതയുമുണ്ട്. അതിനാൽ തന്നെ പുറത്തിറക്കാൻ പോകുന്ന ഉപകരണങ്ങൾക്കും ഫീച്ചറുകൾക്കും ഒരുപാട് സുരക്ഷ നൽകുന്നതാണ് ആപ്പിളിന്റെ രീതി. എന്നാൽ ആപ്പിളിനെപ്പോലും അമ്പരപ്പിച്ച്, ഇനി വരാനിരിക്കുന്ന ഐഒസ് 19ലെ (ഇപ്പോൾ ഐഒഎസ് 26 എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു) ഫീച്ചറുകൾ വിശദമായി പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രോസർ.
ഇയാൾക്കും, കൂട്ടാളി മൈക്കിൾ റാമച്ചൊറ്റിക്കും എതിരെ ആപ്പിൾ ഇപ്പോൾ ഫെഡറൽ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇരുവരും ഐഒഎസ് 26ലെ വാണിജ്യ രഹസ്യങ്ങൾ ചോർത്താൻ പദ്ധതി തയ്യാറാക്കി എന്നാണ് ആപ്പിളിന്റെ ആരോപണം. ആപ്പിൾ ജീവനക്കാരനായ എതൻ ലിപ്നിക്കിന്റെ സുഹൃത്താണ് റാമച്ചൊറ്റി. ലിപ് നിക്കിന്റെ വീട്ടിൽ താമസിക്കാനെത്തിയ റാമച്ചൊറ്റി, ലിപ്നിക്കിന് ആപ്പിൾ കൊടുത്തുവിട്ട ഡെവലപ്‌മെന്റ് ഫോണിലേക്ക് കടന്നുകയറി ഇതുവരെ പുറത്തിറക്കാത്ത സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ഫേസ് ടൈം വീഡിയോ കോൾ വഴി പ്രോസറെ അറിയിച്ചു എന്നും ആപ്പിൾ നൽകിയ പരാതിയിൽ പറയുന്നു.
ഈ വീഡിയോ കോൾ റെക്കോഡ് ചെയ്ത പ്രോസർ ഈ രഹസ്യങ്ങളെല്ലാം യൂട്യൂബ് ചാനൽ വഴി പുറത്തുവിടുകയും പണമുണ്ടാക്കിയെന്നും ആപ്പിൾ ആരോപിക്കുന്നു. നൽകിയ ഡെവലപ്മെന്റ് ഡിവൈസിലെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചില്ല എന്ന കാരണത്താൽ ലിപ്നിക്കിനെ പിരിച്ചുവിട്ട ആപ്പിൾ രഹസ്യ വിവരങ്ങൾ പരസ്യമാക്കി എന്ന കാരണം കാണിച്ച് ലിപ്നിക്കിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേസ് നൽകിയിട്ടുണ്ട്. അതേസമയം, ആപ്പിൾ ഈ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് പ്രോസർ പറയുന്നത്. ഇതിലേക്കൊക്കെ നയിച്ച സാഹചര്യം എന്തായിരുന്നു എന്ന് അറിയാതെയുള്ള പ്രതികരണമാണ് ആപ്പിൾ നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം.