ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ; കേസെടുത്തത് ഈ വകുപ്പുകൾ പ്രകാരം

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിലായി. സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് വലിയ തുറ പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം അതുല്യ ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാ‍ഞ്ചിന് കൈമാറിയത്.

ജൂലൈ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛൻ എസ് രാജശേഖരൻപിളളയും അമ്മ തുളസീഭായിയും പറഞ്ഞു.അതുല്യയുടെ അച്ഛൻ ചവറ തെക്കുംഭാ​ഗം പൊലീസിന് നൽകിയ പരാതിയിലാണ് സതീഷ് ശങ്കറിനെതിരെ കേസെടുത്തത്. സ്ത്രീധനപീഡനം, ശാരീരിക പീഡനം, എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായിൽ നിർമാണ കമ്പനിയിൽ എഞ്ചിനിയറാണ് സതീഷ് ശങ്കർ. സംഭവത്തിൽ ഷാർജയിലെ അൽ ഖർബ് പൊലീസും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *