ഇടപ്പള്ളിയിൽ ട്യൂഷനു പോകാന്‍ ഇറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവത്തില്‍ അന്വേഷണം തുടങ്ങി പോലീസ്

ഇടപ്പള്ളി യിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഇടപ്പള്ളി പോണേക്കരയില്‍ ആണ് അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൈയില്‍ പിടിച്ച് വലിച്ച കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്.

സംഭവത്തില്‍ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. കുട്ടികളുടെ വീട്ടില്‍നിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ട്യൂഷന് പോകുന്ന വീട്.

വൈകീട്ട് ട്യൂഷനു പോകാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തുകയും കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തുകയായിരുന്നു. എന്നാൽ കുട്ടികൾ കുതറിയോടി ട്യൂഷൻ ക്ലാസ്സിലേക്ക് കേറുകയായിരുന്നു. ട്യൂഷന്‍ ടീച്ചറോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *