അയ്യപ്പസംഗമം ഏകോപിപ്പിച്ച കരാര്‍ കമ്പനി പരസ്യമടക്കമുള്ള അനാമത്തിന് പണം വന്‍തോതില്‍ ചെലവിട്ടത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം. ദേവസ്വം ബോര്‍ഡ് ചെലവില്‍ പരസ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ മിനുക്കലായിരുന്നു ലക്ഷ്യം. പരിപാടിക്ക് ചെലവഴിക്കേണ്ട പരമാവധി തുക എത്രയെന്ന് ദേവസ്വം ബോര്‍ഡ് കരാറില്‍ വ്യക്തമാക്കാതിരുന്നതും സര്‍ക്കാര്‍ നിര്‍ദേശത്തിലായിരുന്നു. കാണിക്കപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ പിആര്‍ പ്രവര്‍ത്തനമാണ് ചെലവ് 7.11 കോടിയാകാന്‍ കാരണം. പി.എസ്. പ്രശാന്ത് അധ്യക്ഷനായ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുണ്ടായ വന്‍വീഴ്ചയാണ് പാഴ്‌ചെലവിന് പ്രധാന കാരണമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നേരിട്ടാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. 2018-ല്‍ ശബരിമല യുവതീ പ്രവേശനം ഭക്തരില്‍ ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് മുന്‍കൂട്ടി കണ്ടായിരുന്നു നീക്കം. എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ഏതാനും ദിവസം മുമ്പ് കരാര്‍ കമ്പനിയായ ഐഐഐസി, ദേവസ്വം കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഓഡിറ്റര്‍ക്കും ദേവസ്വം ബോര്‍ഡിനും എതിരെ രൂക്ഷവിമര്‍ശനമാണ് കത്തിലുള്ളത്
അയ്യപ്പസംഗമം: അനാമത്ത് ചെലവ് സര്‍ക്കാര്‍ നിര്‍ദേശത്തില്‍, കരാര്‍ കമ്പനി വഴങ്ങുന്നു
