അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടില്ല; റൂറൽ എസ്പി ബൈജു പെരുമാറുന്നത് സിപിഎം നേതാവായെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം എൽ എ അടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ പോലീസ് നടത്തിയ നായാട്ടിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംഭവത്തിൽ റൂറൽ എസ്പി കെ.ഇ. ബൈജു പെരുമാറിയത് സിഎം പ്രവർത്തകനായാണ് എന്ന് ആണ് രാഹുൽ പ്രതികരിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രാഹുൽ.

ബൈജുവിന് കൺഫേഡ് ഐ.പി.എസ് നൽകിയത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്‍റെ പാരിതോഷികമായാണ്. നൊട്ടോറിയസ് ക്രിമിനലാണയാൾ. ബൈജു സി.പി.എം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യേണ്ടെന്നും കോൺഗ്രസ് പ്രവർത്തകരുടെ മെക്കിട്ട് കയറാമെന്ന് കരുതേണ്ടെന്നും രാഹുൽ പറഞ്ഞു.

“ചോരയൊഴുകുമ്പോഴും ഷാഫി പറഞ്ഞ കാര്യങ്ങളാണ് ഇതിലെ രാഷ്ട്രീയം. ശബരിമലയിൽ അയ്യപ്പന്‍റെ പൊന്നുകട്ട വിഷയം മറയ്ക്കുവാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് എം.പിയായ ഷാഫിയെപ്പോലും ക്രൂരമായി തെരുവിൽ മർദിക്കുന്നത്. ജില്ലാ കോൺഗ്രസ് അധ്യക്ഷനെയും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റിനെയും മർദിക്കുന്നു. ഇവിടുത്തെ റൂറൽ എസ്.പിയുണ്ട്, ബൈജു. അയാൾക്ക് സർക്കാർ കൺഫേഡ് ഐ.പി.എസ് നൽകിയതുതന്നെ മുൻകാലത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന്‍റെ പാരിതോഷികമായിട്ടാണ്. കോഴിക്കോട് നഗരത്തിൽ തന്നെ ജോയൽ എന്നൊരു കോൺഗ്രസ് പ്രവർത്തകനെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച നൊട്ടോറിയസ് ക്രിമിനലാണയാൾ. ഷാഫി പറമ്പിലിനെ പൊലീസ് ആക്രമിച്ചിട്ടില്ലെന്നാണ് അയാളിന്നലെ പറഞ്ഞത്.ദൃശ്യങ്ങൾ തെളിവായി നിൽക്കുമ്പോഴാണ് ബൈജു ഇത് പറയുന്നത്. റൂറൽ എസ്.പിയുടെ പണി മാത്രം ബൈജു നടത്തിയാൽ മതി, സി.പി.എം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യണ്ട. ഐ.പി.എസ് കൺഫർ ചെയ്തുതന്നതിന്‍റെ നന്ദി കാണിക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ മെക്കിട്ട് കയറാമെന്ന് ബൈജുവടക്കം ഒരു പൊലീസുകാരനും വിചാരിക്കണ്ട. കേരളത്തിലെ മുഴുവൻ യു.ഡി.എഫുകാരെയും ചോരയിൽ മുക്കിയാലും അയ്യപ്പന്‍റെ സ്വർണമെവിടെയെന്ന് ഞങ്ങൾ ചോദിക്കും” രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *