തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനായി ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 67 പേരടങ്ങുന്ന പട്ടികയിൽ പ്രമുഖരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗല വാർഡിൽ നിന്ന് മത്സരിക്കും. കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമനയിൽ കരമന അജി, കൊടുങ്ങല്ലൂരിൽ വി.വി. രാജേഷ് എന്നിവരും സ്ഥാനാർത്ഥികളാണ്.

മുൻ പൂജപ്പുര കൗൺസിലറും മുൻ കോൺഗ്രസ് നേതാവുമായ മഹേശ്വരൻ നായർ പുന്നയ്ക്കാമുകൾ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും, അഴിമതി രഹിതമായ “അനന്തപുരി” സാക്ഷാത്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ വ്യക്തമാക്കി.
തിരുമല വാർഡിൽ ദേവിമ, നേമത്ത് എം.ആർ. ഗോപൻ, പേരുർക്കടയിൽ ടി.എസ്. അനിൽകുമാർ എന്നിവരും സ്ഥാനാർത്ഥികളായിരിക്കും.
അതേസമയം, മുൻ എംഎൽഎ ശബരീനാഥനെ ഉൾപ്പെടെ അവതരിപ്പിച്ച് കോൺഗ്രസും മത്സരത്തിനൊരുങ്ങുകയാണ്. യുഡിഎഫ് ഭൂരിഭാഗം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു, ആദ്യഘട്ട പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. യുഡിഎഫിൽ 15 സീറ്റുകൾ ഘടകകക്ഷികൾക്കാണ് അനുവദിച്ചിരിക്കുന്നത്.
എൽഡിഎഫ് ഭാഗത്ത്, ധാരണപ്രകാരം സിപിഎം 75 സീറ്റിലും സിപിഐ 17 സീറ്റിലും മത്സരിക്കും. മുൻ മേയർ കെ. ശ്രീകുമാർ ഉൾപ്പെടെ മൂന്ന് ഏരിയാ സെക്രട്ടറിമാരെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. കേരള കോൺഗ്രസ് (എം) മൂന്നു വാർഡുകളിലും, കേരള കോൺഗ്രസ് (ബി) ഒരു വാർഡിലും മത്സരിക്കും. ആർജെഡി, കോൺഗ്രസ് (എസ്), എൻസിപി എന്നിവർക്കും ഓരോ വാർഡുകൾ വീതം ലഭിക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്നാണു വിവരം.
