സിപിഐ വിട്ട സിസി മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. സിസി മുകുന്ദനെ, എഎൻ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സിസി മുകുന്ദൻ പറഞ്ഞു.ബിജെപി തന്നെ സ്ഥാനാർഥിയാക്കും. പിന്തുണയ്ക്കുകയും ചെയ്യും. നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സിസി മുകുന്ദൻ പറഞ്ഞു. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. നാട്ടികയിൽ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സുനിൽ ലാലൂര്‍ ആയിരിക്കും നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാമെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ. കോണ്‍ഗ്രസും കൈവിട്ടതോടെയാണ് സിസി മുകുന്ദന്റെ പുതിയ നീക്കം
ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന് സിസി മുകുന്ദൻ; ബിജെപി അംഗത്വം സ്വീകരിച്ചു
