തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി. എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനുള്ള പ്രത്യേക ഔട്ട്റീച്ച് പരിപാടിയാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് ഈ “മുസ്ലിം ഔട്ട്റീച്ച്” ആരംഭിക്കുക. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു, “എല്ലാ സമൂഹങ്ങളുടെയും പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്താന്‍ ബിജെപി ഒപ്പമുണ്ടെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നത്.”
എ.പി. അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ വികസനസന്ദേശം ജനങ്ങളിലേക്കെത്തിക്കും. ബിജെപി ഒരു മതത്തിനും എതിരല്ലെന്നും, ഈ നീക്കം വോട്ടിനായുള്ളതല്ലെന്നും, മറിച്ച് വിശ്വാസം നേടിയെടുക്കാനുള്ള ആത്മാര്‍ത്ഥ ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
“ഇതുവരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം നിറച്ചുവച്ച മതവൈരത്തിന്റെ മതിലുകള്‍ തകര്‍ക്കാനാണ് ഞങ്ങളുടെ ശ്രമം. വികസിത കേരളം എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്ന സന്ദേശം വീടുതോറും എത്തിക്കും,” അദ്ദേഹം പറഞ്ഞു.
മുമ്പ് ക്രിസ്മസ് കാലത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളെ കേക്കുമായി സന്ദര്‍ശിച്ച പരിപാടിയായിരുന്നു ബിജെപിയുടെ ആദ്യ സാമൂഹിക സമ്പര്‍ക്ക നീക്കം. ഇപ്പോൾ മുസ്ലിം സമൂഹത്തിലേക്കും അതേ ആത്മാര്‍ത്ഥതയോടെ പാർട്ടി കടക്കുകയാണ്.
