ആഴ്ചകൾക്കുള്ളിൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പുതിയ മരുന്ന് കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മരുന്ന് ഉപയോഗിച്ച രോഗികളിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം കണ്ടതായാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ലോറൻഡ്രോസ്റ്റാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് 15 പോയന്റ് വരെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ കഴിയുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
285 രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് ഗവേഷകർ പുറത്തുവിട്ടത്. സാൻ ഡിഗോ ഉൾപ്പെടെ നിന്നുള്ള രോഗികളെ ഉൾപ്പെടുത്തിയാണ് യുഎസിലുടനീളം ഗവേഷകർ പരീക്ഷണം നടത്തിയത്. ഇതിൽ നിന്ന് ലോറൻഡ്രോസ്റ്റാറ്റ് ഉപയോഗിച്ച രോഗികളുടെ ക്തസമ്മർദ്ദത്തിൽ 15 പോയന്റ് വരെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, പ്ലാസിബോ ഉപയോഗിച്ചവരിൽ ഏഴ് പോയന്റ് മാത്രമായിരുന്നു കുറഞ്ഞത്.
ലോറൻഡ്രോസ്റ്റാറ്റ് ഉപയോഗിച്ച 42 ശതമാനം പേരിലും രക്തസമ്മർദ്ദം നിയന്ത്രണ വിധേയമായിയെന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത്. വലിയ പാർശ്വഫലങ്ങളില്ലാതെ മരുന്ന് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്ന് ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ലൂക്ക് ലാഫിനും അഭിപ്രായപ്പെട്ടു. രക്തസമ്മർദം കുറയ്ക്കുന്നതുവഴി സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും മരുന്ന് സഹായിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ പ്രവർത്തനരീതിയിൽ പ്രവർത്തിക്കുന്ന മറ്റ് മരുന്നുകളിലേത് പോലെയുള്ള പാർശ്വഫലങ്ങൾ ലോറൻഡ്രോസ്റ്റാറ്റ് ഉപയോഗിച്ചവരിലും കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. ചിലരുടെ രക്തത്തിൽ പോട്ടാസ്യത്തിന്റെ അളവ് വർധിച്ചതായി കണ്ടു. ചിലരിൽ വൃക്കയുടെ പ്രവർത്തനം അളക്കുന്ന ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ് കുറഞ്ഞതായും വ്യക്തമായി.