കാർത്തികപളളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. ലഹരിവസ്തുക്കൾ കണ്ടെത്താനുളള സ്ഥിരം പരിശോധനയ്‌ക്കിടെ അദ്ധ്യാപകരാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. പിസ്റ്റളിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് ബാഗിലുണ്ടായിരുന്നത്.
വെടിയുണ്ടകൾ എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ട്യൂഷന് പോയപ്പോൾ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകൾ കിട്ടിയതാണെന്നാണ് ആദ്യം വിദ്യാർത്ഥി അദ്ധ്യാപികയോട് പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോൾ സുഹൃത്ത് തന്നതാണെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാൽ കുട്ടുകാരന്റെ പേര് പറയാൻ വിദ്യാർത്ഥി തയ്യാറായില്ല. ഇതോടെ അദ്ധ്യാപകർ പൊലീസിൽ വിവരം അറിയിച്ചു.
കരിയിലക്കുളങ്ങര പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. വെടിയുണ്ടകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലെ ബാലസ്റ്റിക് വിഭാഗത്തിലേക്ക് പരിശോധനയ്‌ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
