രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിച്ചാൽ ഉണ്ടാകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ.ഈ അവസ്ഥയെ ഹൈപ്പർ യൂറിസെമിയ എന്നാണ് വിളിക്കുന്നത്. ഇത് ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ അങ്ങനെ രോഗലക്ഷണങ്ങളും ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിവെയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് രക്തക്കുഴലുകളിൽ ഓക്സിഡേറ്റീവ് സ്ട്രെസ്സിന് കാരണമായേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ ഇൻഫ്ലമേഷൻ എൻഡോതീലിയത്തെ ബാധിക്കും. ഇത് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പേ ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യും. അതിനാലാണ് സന്ധിവേദനയ്ക്കപ്പുറം ഹൃദയാരോഗ്യത്തേയും യൂറിക് ആസിഡ് നില ബോധിക്കുമെന്ന് പറയുന്നത്. കൊളസ്ട്രോളും ധമനികളിലെ തടസ്സവും മാത്രമാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പലരും കരുതുന്നുണ്ട്. ഈ വിഷയങ്ങൾ ഹൃദയാരോഗ്യത്തെ ബാധിക്കുമെങ്കിലും ഉയർന്ന യൂറിക് ആസിഡ് നില ആളുകളെ രോഗികളാക്കുന്നതിന്റെ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.