ഓൺലൈൻ ഗെയിമിംഗിനെതിരെ കേന്ദ്ര സർക്കാർ; 357 വെബ്‌സൈറ്റുകൾ നിരോധിച്ചു

ഓൺലൈൻ ഗെയിമിംഗിനെതിരെ വൻ നടപടികളുമായി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായി പ്രവർത്തിച്ച ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കിയിരിക്കുകയാണ്. ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർ എന്നിവർ വിലക്കിയവരിൽ ഉൾപ്പെടുന്നുണ്ട്. ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 പ്രകാരവും, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐയാണ് 357  വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞതെന്നും ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

ചില നിയമവിരുദ്ധ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടുത്തിടെ നടത്തിയ നടപടിയിൽ, പങ്കെടുക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഡിജിജിഐ തടഞ്ഞു. കൂടാതെ, I4C, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയുമായി സഹകരിച്ച് ഏകദേശം 2,000 ബാങ്ക് അക്കൗണ്ടുകളും നാലുകോടി രൂപയും കണ്ടുകെട്ടി. ഈ വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ ഡെബിറ്റ് മരവിപ്പിച്ചതായും മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *