ട്രംപിന്‍റെ പകരം തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര കരാറിലും മാറ്റം വരുത്തുമെന്ന് പല രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ യുഎസുമായുള്ള വ്യാപാര കരാറിലെ തുടർ നടപടികൾ മരവിപ്പിക്കാനായിരുന്നു യൂറോപ്യൻ യൂണിയന്‍റെ തീരുമാനം. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് യുകെയും നിലപാടെടുത്തു. ഇന്ത്യയും മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചർച്ചകൾ നീട്ടിവെക്കാൻ തീരുമാനിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ യുഎസുമായുള്ള കരാർ പുനക്രമീകരിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറയുന്നത്.യുഎസുമായി സാധ്യമായ ഏറ്റവും മികച്ച വ്യാപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഗോയൽ പറഞ്ഞു. വ്യാപാര കരാറിൽ ട്രംപ് ഭരണകൂടം ചില പരാമര്‍ശങ്ങൾ നടത്തിയിട്ടുണ്ട്. തീരുവ വിഷയത്തിൽ യുഎസിന് മുന്നിൽ ഇനിയും സാധ്യതകളുണ്ട്. അടുത്ത ആഴ്ച വേണമെങ്കിൽ അവർക്ക് തീരുവ 15 ശതമാനമാക്കി വർധിപ്പിക്കാം. നിലവിലെ സാഹചര്യങ്ങൾ മാറുകയാണെങ്കിൽ കരാർ പുനക്രമീകരിക്കാമെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താമെന്നത് ഇടക്കാല ധാരണയിൽ തന്നെയുണ്ട്. സാഹചര്യങ്ങൾ മാറിയാൽ കരാറിൽ മാറ്റം വരുത്താമെന്നാണ് ഇന്ത്യ യുഎസ് സംയുക്ത പ്രസ്താവന പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
