കുട്ടികളിലും മൈ​ഗ്രേൻ വരാം; ശ്രദ്ധിക്കാതെ പോകരുത്, അറിയാം ലക്ഷണങ്ങൾ

പല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈ​ഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന അനുഭവപ്പെടാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പല തരത്തിലുള്ള തലവേ​ദന കാണാറുണ്ട്. എന്നാൽ കുട്ടികളിലെ തലവേദനയെ പലപ്പോഴും പഠിക്കാനുള്ള മടിയുമായി ബന്ധപ്പെടുത്താറുണ്ട്. പഠിക്കാനിരിക്കുമ്പോഴേക്കും തലവേ​ദനയെത്തി എന്ന് പരാതിപ്പെടുന്ന മാതാപിതാക്കൾ അതത്ര നിസ്സാരമാക്കരുതെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ.

കുട്ടികൾ തലവേദനയുടെ തീവ്രത മാതാപിതാക്കളോട് പങ്കുവെക്കുമ്പോൾ അത് അത്ര നിസ്സാരമാക്കരുതെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്. കുട്ടികളിലും മൈ​ഗ്രേൻ സാധാരണമാണെന്നും അതാവാം തലവേദനയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അഞ്ചുവയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ള നിരവധി കുട്ടികളെ ചികിത്സിച്ചതിന്റെ ഭാ​ഗമായാണ് താൻ ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുട്ടികൾ പലപ്പോഴും അവർ അനുഭവിക്കുന്ന തലവേദനയുടെ ലക്ഷണങ്ങൾ കൃത്യമായി പങ്കുവെക്കാറില്ല, ഇത് കൃത്യമായി രോ​ഗസ്ഥിരീകരണം നടത്തുന്നതിൽ വെല്ലുവിളിയാകുന്നു. പലപ്പോഴും കുട്ടികൾ പഠനം ഒഴിവാക്കാൻ വേണ്ടിയാണ് തലവേദനയുണ്ടെന്ന് പരാതിപ്പെടുന്നതെന്ന് മാതാപിതാക്കൾ കരുതുന്നത്. കുട്ടികളിലെ മൈ​ഗ്രേയ്നിനും കൃത്യമായ ചികിത്സയുണ്ടെന്നും അദ്ദേഹം പറയുന്നു.

കുട്ടികളിലെ മൈ​ഗ്രേൻ

മുതിർന്നവരുടേതുപോലെ തന്നെ കുട്ടികളിലും മൈ​ഗ്രേൻ ഒരേപോലെ പ്രകടമാകാറുണ്ട്. മുതിർന്നവരിലെ മൈ​ഗ്രേൻ പൊതുവേ ഒരുവശത്തുമാത്രം വേദനയായാണ് പ്രകടമാകുന്നതെങ്കിൽ കുട്ടികളിൽ ഇരുവശത്തും വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. മുതിർന്നവരുടേതുപോലെ നീണ്ട മൈ​ഗ്രേൻ അറ്റാക്കല്ല കുട്ടികളിൽ ഉണ്ടാവുക. എങ്കിലും പഠനത്തേയും പാഠ്യേതര വിഷയങ്ങളേയും ബാധിക്കുമെന്നതിനാൽ വിദ​ഗ്ധ ചികിത്സ തേടേണ്ടതുണ്ട്.

കുട്ടികളിലെ മൈ​ഗ്രേൻ ലക്ഷണങ്ങൾ

പ്രധാനലക്ഷണമായി കണ്ടുവരുന്നത് അസഹ്യമായ തലവേദനയാണ്. തലയുടെ മുൻവശത്തോ ഇരുവശങ്ങളിലോ ആയാണ് വേദന പൊതുവേ പ്രകടമാവുകയെങ്കിലും തലമുഴുവനായോ ഒരുഭാ​ഗത്തുമാത്രമായോ പ്രത്യക്ഷമാവുകയും ചെയ്യാം. തലവേദനയ്ക്കൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്ക, തലകറക്കം, ശബ്​ദത്തോടും വെളിച്ചത്തോടുമുള്ള അസ്വസ്ഥത, ഛർദി, വിശപ്പില്ലായ്മ, അടിവയറിൽ വേദന, ഓക്കാനം എന്നിവയും അനുഭവപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *