സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് (29) കൂഡുലു മന്നിപ്പാടിയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി ഒൻപതിനാണ് ചിന്നു പാപ്പുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു ഏറെക്കാലമായി സന്ദേശിനൊപ്പമായിരുന്നു താമസം. ചിന്നുവിന്റെ മരണത്തിൽ സന്ദേശിന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
ഇതേത്തുടർന്ന് കാസർകോട് ടൗൺ പോലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സന്ദേശിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.നാരായണ നായ്ക് – സരോജ ദമ്പതികളുടെ മകനാണ് സന്ദേശ്. ഗൗതമിയാണ് സഹോദരി.
