ആലപ്പുഴ:ജില്ലയിലെന്നും കോളറയുടെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്നു താഴ്ന്നുകിടക്കുന്ന കുട്ടനാടാണ്. ഇപ്പോഴിതാ രക്തപരിശോധനയിൽ എടത്വാ തലവടിയിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. മലം പരിശോധനയുടെ ഫലം കൂടി കിട്ടിയാലേ കോളറയാണെന്നു പൂർണമായും ഉറപ്പിക്കാനാകൂ. എങ്കിലും പ്രതിരോധം ഊർജിതമാക്കുവാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
ശുദ്ധജല ക്ഷാമമാണ് കുട്ടനാട്ടിലെ രോഗബാധയ്ക്കു പ്രധാന കാരണം. 2013-ലാണ് ഒടുവിൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 10 പേർക്കു അന്ന് രോഗബാധയുണ്ടായി. അതിനുമുൻപ് ഒട്ടേറെ മരണവുമുണ്ടായി. ഇതുകൊണ്ടുതന്നെ കുട്ടനാട്ടിൽ കോളറ ലക്ഷണം കണ്ടാൽ ആരോഗ്യവകുപ്പിന് ആശങ്കയേറെയാണ്. 2002-ൽ കോളറ പടർന്നപ്പോൾ ഒട്ടേറെപ്പേർക്കാണ് കുട്ടനാട്ടിൽ ജീവൻ നഷ്ടമായത്.
2009-ൽ കൈനകരിയിൽ രണ്ടുപേർ മരിക്കുകയും 20 പേർക്ക് രോഗം പിടിപെട്ടു. 2012-ലും 2013-ലും കോളറ കുട്ടനാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. പാചകത്തിന് അടക്കം കായലിലെയും ആറ്റിലെയും വെള്ളം ഉപയോഗിക്കുന്നതായിരുന്നു കോളറ ഉൾപ്പെടെയുള്ള വയറിളക്കരോഗങ്ങൾ വ്യാപകമാകാൻ കാരണമായത്.
തോട്ടിലെ മലിനജലം കുടിച്ചവർക്കാണ് 2013-ൽ കോളറ സ്ഥിരീകരിച്ചത്. അന്ന് ജല അതോറിറ്റിയുടെ വെള്ളംകുടിച്ചവർക്കും വള്ളത്തിൽ വിതരണംചെയ്ത വെള്ളം കുടിച്ചവർക്കുമൊന്നും രോഗമുണ്ടായില്ല.
കുട്ടനാട്ടിൽ ഇപ്പോഴും ശുദ്ധജലം കിട്ടാത്ത മേഖലകൾ ഉണ്ട്. കുട്ടനാട്ടിലെ മലിനജലത്തിൽ കോളറയ്ക്കു കാരണമായ മാരക ബാക്ടീരിയ ഇപ്പോഴുമുണ്ടെന്നാണ് രോഗബാധ നൽകുന്ന സൂചന.
ജില്ലയിൽ കോളറ ബാധിച്ച് ഏറ്റവും കൂടുതൽ മരണമുണ്ടായത് 1996-ലാണ്. ആ വർഷം ഓഗസ്റ്റിൽ പുറത്തുവിട്ട ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 29 പേരാണു മരിച്ചത്. പാലക്കാട് ജില്ലയിലും അന്ന് രോഗം ബാധിച്ചിരുന്നു. രണ്ടിടത്തുമായി മൊത്തം 60 പേർ മരണപ്പെട്ടു.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ കോളറ മരണകാരണമായേക്കാം. രോഗത്തിന്റെ പ്രധാന ലക്ഷണം കഞ്ഞിവെള്ളംപോലെ മലവിസർജനം നടത്തുന്നതാണ് . ഛർദ്ദിയുമുണ്ടാകും.ഒരുദിവസംകൊണ്ടുതന്നെ ജലാംശം നഷ്ടപ്പെട്ട് അവശനിലയിലാകും. നിർജലീകരണം വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും.
വിബ്രിയോ കോളറൈ എന്ന ബാക്ടീരിയയാണ് രോഗകാരി. രോഗിയുടെ മലത്തിൽനിന്ന് രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ആഹാരത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരും.
രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഒന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. വൃദ്ധരിലും കുഞ്ഞുങ്ങളിലും പെട്ടെന്ന് മാരകമാകും. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് അറിയിച്ചു.
ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്നു നടത്തിയ അവലോകനയോഗത്തിൽ രോഗബാധ സംശയിക്കുന്ന തലവടിയിൽ വാർഡുതലത്തിൽ അടിയന്തരമായി ബോധവത്കരണവും ശുചീകരണവും നടത്താനും ജലസ്രോതസ്സുകളിലെ സാംപിൾ ശേഖരിച്ച് പരിശോധിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ഗായത്രി ബി. നായർ അധ്യക്ഷയായി. ജോജി എബ്രഹാം, അജിത് കുമാർ പിഷാരത്ത്, കെ.ആർ. റെജി, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും, പഴകിയ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുക.രോഗലക്ഷണംകണ്ടാലുടൻ വിദഗ്ധചികിത്സ തേടണം.വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുക .ഒപ്പംജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുക, മലിനജലത്തിൽ കുളിക്കുന്നതും മറ്റും ഒഴിവാക്കുക.ഒആർഎസ് ലായനി ജലാംശം നഷ്ടപ്പെടാതിരിക്കാനായി കുടിക്കുക. ഇതോടൊപ്പംവീടും പരിസരവും ബ്ലീച്ചിങ് പൗഡറിട്ട് അണുമുക്തമാക്കുക.രോഗിയെ ശുശ്രൂഷിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കണം.ആഹാരം പാകംചെയ്യുംമുൻപ് കൈകൾ സോപ്പിട്ടു കഴുകണംരോഗം പൂർണമായി മാറുംവരെ മരുന്നു കഴിക്കുക്കാനും ശ്രദ്ധിക്കണം.വഴിയോര തട്ടുകടകൾ പരിസരം വൃത്തിയായി സൂക്ഷിക്കുകയുംവ്യാവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ശീതളപാനീയങ്ങളിൽ ഉപയോഗിക്കകയും ചെയ്യരുത്.