ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധത്തെത്തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ എന്നെഴുതിച്ചേർത്ത ചിത്രമായിരുന്നു കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പങ്കുവെച്ചത്.
ഇതിനെതിരേ ബിജെപി പ്രതിഷേധമുയർത്തിയതിനെ തുടർന്ന് കോൺഗ്രസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്രം സർവകക്ഷിയോഗം വിളിച്ചിരുന്നു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. തുടർന്നായിരുന്നു, ഉത്തരവാദിത്വ സമയത്ത് പ്രധാനമന്ത്രി അദൃശ്യനായി എന്ന തരത്തിലാണ് കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. ‘ഗയാബ്’ (അദൃശ്യൻ) എന്നായിരുന്നു പ്രധാനമന്ത്രിയുടെ തലയുടെ ഭാഗത്ത് കുറിച്ചിരുന്നത്. ഇതിനെതിരേ ബിജെപി രംഗത്തെത്തി.
പ്രധാനമന്ത്രിക്കെതിരായിട്ടാണ് കോൺഗ്രസ് പ്രതീകാത്മക ചിത്രം പങ്കുവെച്ചതെന്നും മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്നും ബിജെപി ആരോപിച്ചു.കൂടാതെ രാഹുൽ ഗാന്ധി രാജ്യത്തെ പിന്നിൽനിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാം ഭീകരാക്രമണത്തെ പിന്തുണക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. പാകിസ്താനൊപ്പം ചേർന്ന് അദ്ദേഹം സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നെന്നും ബിജെപി കുറ്റപ്പെടുത്തി.
മോദിയുടെ ചിത്രം പങ്കുവെച്ചതിനെതിരായി, നെഹ്റു തൊപ്പിയും, വെള്ള ടീ ഷർട്ടും വെച്ച് പുറംതിരിഞ്ഞ് നിൽക്കുന്നയാളുടെ കൈയിൽ പിന്നിൽകെട്ടിയ നിലയിൽ കത്തിപിടിച്ചിരിക്കുന്ന ചിത്രവും പങ്കുവെച്ചു. പാകിസ്താന്റെ സുഹൃത്ത് എന്ന അടിക്കുറിപ്പോടെയാണ് ബിജെപി വക്താവ് ആർ.പി. സിങ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.