മലിനമായ ഭക്ഷണവും വെള്ളവും ആപത്ത്; കോളറയെ പ്രതിരോധിക്കാം, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗവും

തിരുവനന്തപുരം: ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കോളറ മരണം സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. കവടിയാർ സ്വദേശിയായ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അജയ് ആർ. ചന്ദ്രയാണ് ഏപ്രിൽ 20-ന് കോളറ ബാധിച്ചു മരിച്ചത്.പനിയടക്കമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനാഫലം പുറത്തുവന്നത് മരണശേഷമാണ്.

ഏപ്രിൽ 22-നാണ് മരണകാരണം കോളറയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ജൂലായിൽ നെയ്യാറ്റിൻകരയിലാണ് ഒരു കോളറ മരണം സ്ഥിരീകരിച്ചത്.എന്നാൽ, ഇപ്പോഴത്തെ കോളറബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ്‌ അധികൃതർ വ്യക്തമാക്കിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വകുപ്പ്‌ തുടങ്ങിക്കഴിഞ്ഞു.രോഗം ബാധിച്ചു മരിച്ച അജയ് ആർ. ചന്ദ്രയുടെ ബന്ധുക്കൾക്കോ സമീപവാസികൾക്കോ രോഗലക്ഷണങ്ങളൊന്നുമില്ല.പനിബാധിക്കുന്നതിനു മുൻപ്‌ അജയ് ആർ. ചന്ദ്രയും കുടുംബവും കേരളത്തിനു പുറത്ത് യാത്രപോയതായി വിവരമുണ്ട്. ഈ സമയത്ത് കഴിച്ച ആഹാരപദാർഥങ്ങളിൽനിന്നോ മറ്റോയാകാം രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.എന്നാലിത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കവടിയാറിൽ ഇവർ താമസിച്ചിരുന്ന പ്രദേശത്ത് കോർപ്പറേഷന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ നടപടികളും തുടങ്ങിയിട്ടുണ്ട്.

നിസ്സാരനല്ല കോളറ

മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ പകരുന്ന രോഗമാണ് കോളറ. വൈബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗകാരി.പൊതുജനാരോഗ്യത്തിന് ആഗോളതലത്തിൽത്തന്നെ ഒരു ഭീഷണിയാണിത്. ലോകമെമ്പാടും ഓരോവർഷവും നാല് മില്യണിലധികം കോളറ കേസുകളും ഒരുലക്ഷത്തിലേറെ മരണങ്ങളും സംഭവിക്കുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പ്രകടമാക്കാൻ 12 മണിക്കൂർ മുതൽ 5 ദിവസംവരെ എടുക്കാം.

ലക്ഷണങ്ങൾ

കഠിനമായതും വേദനയില്ലാത്തതുമായ വയറിളക്കമാണ് കോളറയുടെ പ്രധാന രോഗലക്ഷണം. മിക്കപ്പോഴും ഛർദിയുമുണ്ടായിരിക്കും. തുടർന്ന് രോഗി നിർജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേ ക്കും എത്തിച്ചേരാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ ഒആർഎസ് ലായനിയും ഉപയോഗിക്കുന്ന നല്ലതാണ്.

പ്രതിരോധം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ചുമാത്രം കഴിക്കുക, ഭക്ഷണവും വെള്ളവും തുറന്നു വെക്കരുത്, ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകുക, മലമൂത്ര വിസർജനത്തിനുശേഷവും ആഹാരം കഴിക്കുന്നതിനു മുൻപും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക,പഴങ്ങളും പച്ചക്കറികളും ശുദ്ധ ജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക, പരിസരശുചീകരണം ഉറപ്പാക്കുക, ഛർദിയോവയറിളക്കമോ ഉണ്ടായാൽ ധാരാളം വെള്ളം കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *