പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍; ബാലാകോട്ടിന് ശേഷമുള്ള ആദ്യ ‘സൂപ്പർ കാബിനറ്റ്’

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍. യോഗങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അടക്കമുള്ളവർ പ്രധാനമന്ത്രിയുടെ 7- ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗവും ഇന്ന് ചേരും.രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിക്കും. പിന്നാലെ മന്ത്രിസഭാ സാമ്പത്തിക കാര്യ സമതിയുടെയും യോഗവും അതിനുശേഷം മന്ത്രിസഭാ യോഗവും ചേരും. സൂപ്പര്‍ കാബിനറ്റ് എന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഇതില്‍ പ്രധാനമാണ്. 2019 ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്. അതിനു ശേഷം ഇപ്പോൾ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സൂപ്പര്‍ കാബിനറ്റ് ചേരാൻ പോകുന്നത്. ബാലാകോട്ട്‌ വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഇത്തരമൊരു തീരുമാനമെടുത്തത് സേനാമേധാവികളടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ്.ദേശീയ പ്രാധാന്യമുള്ള പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

2019-ല്‍ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നതിന് ശേഷമാണ് ബാലക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങിയവരാണ് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയിലെ നിലവിലെ അംഗങ്ങള്‍.

പാക് വിമാനങ്ങള്‍ക്ക് വ്യോമപാത തടയുന്നതും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങള്‍ വിലക്കുന്നതും ഉള്‍പ്പെടെയുള്ള തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗങ്ങളിലുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *