‘ദിത്വ’ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.മരണപ്പെട്ടവരിൽ, തഞ്ചാവൂരിലും തൂത്തുക്കുടിയിലും വീട് തകർന്നു വീണാണ് രണ്ട് പേർ മരിച്ചത്. തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിമാർക്കുമൊപ്പം ഉറങ്ങുകയായിരുന്ന രേണുക ദേവി (23) ആണ് മരിച്ചത്. കൂടാതെ, മയിലാടുതുറൈയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി.
ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റവന്യൂ അധികൃതരുടെ കണക്കനുസരിച്ച്, 150-ൽ അധികം കന്നുകാലികൾ ചത്തു, 234 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നാഗപ്പട്ടണം, മയിലാടുതുറൈ, രാമനാഥപുരം എന്നിവിടങ്ങളിൽ ആയിരത്തിലധികം ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി കൃഷി നശിച്ചു.പുതുച്ചേരിയിലും മഴയും കാറ്റും ശക്തമായതിനെ തുടർന്ന് ബീച്ചുകളിൽ നിന്ന് ആളുകളെ പൂർണ്ണമായി ഒഴിപ്പിച്ചു. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ശ്രീലങ്ക വിട്ട് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന ‘ദിത്വ’ ചുഴലിക്കാറ്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.
