സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഛത്തീസ്ഗഡിനെ വീഴ്ത്തിയത്. ഛത്തീസ്ഗഡ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം കേരളം വെറും 10.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ്, 19.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഛത്തീസ്ഗഡിനു വേണ്ടി ക്യാപ്റ്റൻ അമൻദീപ് ഖരെ (37 പന്തിൽ 41 റൺസ്), സഞ്ജിത് ദേശായി (23 പന്തിൽ 35 റൺസ്) എന്നിവർ മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയത്. ശശാങ്ക് ചന്ദ്രകാർ 17 റൺസ് നേടിയെങ്കിലും മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
കേരളത്തിനായി ബാറ്റിങ്ങിനിറങ്ങിയ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. സഞ്ജു സാംസൺ – രോഹൻ കുന്നുമ്മൽ സഖ്യം 4.2 ഓവറിൽ 72 റൺസ് അടിച്ചുകൂട്ടി. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച സഞ്ജു സാംസൺ വെറും 15 പന്തിൽ അഞ്ച് സിക്‌സറുകളും രണ്ട് ഫോറുകളും സഹിതം 43 റൺസ് നേടി. രോഹൻ കുന്നുമ്മൽ 17 പന്തിൽ 33 റൺസുമായി പിന്തുണ നൽകി.തുടർന്ന് ക്രീസിലെത്തിയ സൽമാൻ നിസാർ (18 പന്തിൽ 16), വിഷ്ണു വിനോദ് (14 പന്തിൽ 22) എന്നിവർ പുറത്താകാതെ നിന്ന് കേരളത്തെ 11-ാം ഓവറിൽ വിജയത്തിലേക്ക് നയിച്ചു.
