സമയപരിധി കഴിഞ്ഞു; നവീകരണം പാളി? കലൂർ സ്റ്റേഡിയം തിരിച്ചേൽപ്പിച്ച് സ്പോൺസർ; ജി.സി.ഡി.എ. തുടർ നടപടികളിലേക്ക്

മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ നവീകരണത്തിനായി കൈമാറിയ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, സമയപരിധി അവസാനിച്ചതോടെ ജോലികൾ പാതിവഴിയിലാക്കി സ്പോൺസർ ജി.സി.ഡി.എയ്ക്ക് തിരിച്ചേൽപ്പിച്ചു. നവംബർ 30-നകം നവീകരണം പൂർത്തിയാക്കി കൈമാറണമെന്നായിരുന്നു ധാരണയെങ്കിലും, സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ, പാർക്കിങ്, കവാടം, അകത്തെ പ്രധാന ജോലികൾ എന്നിവയൊന്നും പൂർത്തിയായിട്ടില്ലാത്തതിനാൽ നിലവിൽ മത്സരങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. നവീകരണ ജോലികൾ ഏറെക്കുറെ നടപ്പായിട്ടുണ്ടെങ്കിലും പൂർത്തിയായിട്ടില്ലെന്ന് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അറിയിച്ചു.

വ്യക്തമായ കരാറില്ലാതെ സ്റ്റേഡിയം വിട്ടുകൊടുത്തത് നേരത്തെ വിവാദമായിരുന്നു. ജി.സി.ഡി.എ. മിനിറ്റ്സിന്റെ അടിസ്ഥാനത്തിൽ കേരള സ്പോർട്സ് ഫൗണ്ടേഷൻ സ്പോൺസറെ ഏൽപ്പിക്കുകയായിരുന്നു. പുറം മതിൽ, ടാറിങ് എന്നിവയാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. സ്റ്റേഡിയം തിരിച്ചെടുത്ത ജി.സി.ഡി.എ., ഇനി തീർക്കാനുള്ള ജോലികളിൽ കുറച്ചുഭാഗം സ്പോൺസറെക്കൊണ്ടും ബാക്കി സ്വന്തമായും പൂർത്തിയാക്കുമെന്നും, നിലവിലെ സാഹചര്യം വിശദീകരിച്ച് നാളെ വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. സ്റ്റേഡിയത്തിനകത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ, സ്പോൺസർക്ക് സമയം നീട്ടിനൽകുന്നതിനൊപ്പം ജി.സി.ഡി.എയും നവീകരണ പ്രവർത്തനങ്ങൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *