ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, വിമർശനവുമായി ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് ഹൈക്കോടതി വിമർശനം. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നും നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡ് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. അയ്യപ്പ സംഗമത്തിന് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിച്ചുവെന്നും ഹൈക്കോടതി വിമർശിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ അയ്യപ്പ സംഗമത്തിന്റെ ബജറ്റില്‍ മാറ്റം വരുത്തി. കണക്കിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. പൊരുത്തക്കേടുകൾ പരിഹരിച്ച് വ്യക്തമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഓഡിറ്റർ അറിയിച്ചു.ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് നേരത്തെ തന്നെ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഓഡിറ്റിനായി കൃത്യമായ ബില്ലുകളും വൗച്ചറുകളും ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നാണ് ഓഡിറ്റര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യമാണ് കോടതി വീണ്ടും ചൂണ്ടിക്കാട്ടിയത്.കണക്ക് സമർപ്പിക്കാൻ കോടതി നൽകിയ ഒരാഴ്ച സമയം ഇന്ന് അവസാനിക്കാനിരെക്കെയാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കണക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൂന്നാഴ്ച സമയം നല്‍കാനാവില്ലെന്നും ഒരാഴ്ചയ്‌ക്കകം കണക്ക് ഹാജരാക്കണമെന്നു‌മാണ് കോടതി നിലപാടെടുത്തത്. തുടര്‍ന്ന് ഇന്നത്തേക്ക് കേസ് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *