സ്വർണ, ഗർഭക്കേസുകളല്ല, വികസനം ചർച്ചയാക്കണം തിരഞ്ഞെടുപ്പിൽ; സുരേഷ് ഗോപി

സ്വർണക്കടത്തും ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള സ്വകാര്യ വിഷയങ്ങളുമല്ല തിരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും, മറിച്ച് വികസന വിഷയങ്ങൾ മാത്രമാണ് പ്രധാനമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ ബി.ജെ.പി. കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും സമുദായങ്ങളിലെയും ആളുകൾ തനിക്ക് വോട്ട് ചെയ്തുവെന്നും, സി.പി.എം., സി.പി.ഐ., കോൺഗ്രസ് പാർട്ടികളിലെ വോട്ടുകൾ പോലും ബി.ജെ.പിക്ക് ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്നത്തെ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

“ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ പേര് പോലും ഞാൻ പറഞ്ഞിട്ടില്ല. കെ. മുരളീധരൻ എന്നെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴും, അത് ‘മുരളിച്ചേട്ടനല്ലേ’ എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം. സ്വർണ, ഗർഭക്കേസുകളല്ല, വികസനം ചർച്ചയാക്കണം. എൻ്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ട് എന്തുണ്ടായി? വികസനം മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നാണ് എൻ്റെ അഭിപ്രായം. ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടു. സ്വർണ, ഗർഭ കേസുകൾ ചർച്ച ചെയ്യാൻ ഞാൻ ഒരുക്കമല്ല. എൻ്റെ വികസന ഫോക്കസ് വിടാൻ എനിക്ക് കഴിയില്ല. 2024-ലെ തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴും ചെമ്പ് കേസ് ഉണ്ടാക്കിയില്ലേ? അതൊരു കുടുംബത്തിൻ്റെ നേർച്ചയായിരുന്നു. ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് അതിനായി പണം പിരിച്ചോ?” – സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *