തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകൾ ഒരുക്കിയ ഷാജി എൻ കരുൺ 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.
1952-ൽ കൊല്ലം ജില്ലയിലെ കണ്ടച്ചിറയിലാണ് ഷാജി എൻ കരുൺ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു.
1988ലാണ് ‘പിറവി’ എന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. സംവിധായകൻ എന്ന നിലയിൽ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഒരു തവണയും സംസ്ഥാന പുരസ്കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ജെ സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.