2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ്; കിരീടം സ്വന്തമാക്കി ദിവ്യ ദേശ്‌മുഖ്

ഇന്ത്യൻ ചെസ്സ് ചരിത്രത്തിൽ ഇതുവരെ ആരും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ചെസ്സ് പ്രതിഭയായ ദിവ്യ ദേശ്‌മുഖ്. 2025ലെ ഫിഡെ വനിതാ വേൾഡ് കപ്പ് ഫൈനലിൽ സഹതാരവും ഗ്രാന്‍റ് മാസ്റ്ററുമായ കൊനേരു ഹമ്പിയെ 2.5-1.5 എന്ന സ്കോറിൽ കീഴടക്കി ദിവ്യ കിരീടം അണിഞ്ഞു. രണ്ടാമത്തെ റാപ്പിഡ് ടൈബ്രേക്കിന്റെ അവസാനത്തിലാണ് 19 കാരി ദിവ്യയ്ക്ക് മുന്നില്‍ കൊനേരു ഹംപി പതറിയത്.

ഒന്നാം റാപ്പിഡ് ഗെയിമിൽ ഇരുവരും തുല്യത പാലിച്ചെങ്കിലും, രണ്ടാം ഗെയിമിൽ നേടിയ വിജയത്തോടെ കിരീടം ദിവ്യ ദേശ്മുഖ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.

ഈ വിജയത്തോടെ ഫിഡെ വനിതാ ലോകകപ്പ് ചാമ്പ്യനാകുക മാത്രമല്ല, ഇന്ത്യയുടെ 88-ാമത് ഗ്രാൻഡ്മാസ്റ്ററായും കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായും ദിവ്യ മാറി. കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു വനിതകള്‍.

പ്രാഗ്‌ഗ്നാനന്ദ, ഗുകേഷ് തുടങ്ങി പുരുഷ വിഭാഗത്തിൽ പുതിയ തലമുറ ലോകശ്രദ്ധ പിടിച്ചുപറ്റുന്നതിനിടയിൽ, വനിതാ വിഭാഗത്തിൽ ദിവ്യ നേടിയ ഈ കിരീടം ഇന്ത്യയ്‌ക്ക് അഭിമാനമായ ചരിത്ര നിമിഷമായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *