കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും പല മാറ്റങ്ങൾ സംഭവിക്കുകയും രോഗപ്രതിരോധശേഷി വ്യത്യാസപ്പെടുകയും ചെയ്യുന്നു.കേരളത്തിൽ സുപ്രധാനമായി ശരത്, ഹേമന്തം, ഗ്രീഷ്‌മം, വർഷം എന്നീ 4 ഋതുക്കളാണ് ഉണ്ടാകാറ്. ഒരു ഋതു പോയി മറ്റൊന്ന് വരുന്ന ഘട്ടത്തെ ഋതുസന്ധി എന്ന് വിളിക്കുന്നു. ഒരു ഋതുവിന്റെ അവസാന 7 ദിനങ്ങളും അടുത്ത ഋതുവിന്റെ ആദ്യ 7 ദിനങ്ങളും ആണ് ഇതിൽ കണക്കാക്കപ്പെടുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കും.
ആയുർവേദ വിധിയനുസരിച്ച് ഒരു ഋതുവിൽ കോപിച്ച ദോഷങ്ങളെ പുറന്തള്ളാൻ പറ്റിയ ഉത്തമ സമയമാണ് ഋതുസന്ധി. ഈ ഘട്ടത്തിൽ ജീവിത ചര്യകളിലും ആഹാരകാര്യങ്ങളിലും പാലിക്കേണ്ടവ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.സൂര്യൻ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിൽ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേർതിരിച്ചിട്ടുണ്ട്. കർക്കടകം ഒന്നുമുതൽ ധനു വരെയാണ് ദക്ഷിണായനം.
ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും. പ്രധാനമായും രോഗപ്രതിരോധശേഷി കുറയും. ഇതിനെ തുടർന്ന് അസുഖങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുണ്ട്. സാധാരണയായി വെയിലും മഴയും ഇടവിട്ട് വരുന്ന കർക്കടക മാസത്തിൽ ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടാറുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് കർക്കടകമാസം ചികിത്സയ്ക്കായി മാറ്റിവെയ്ക്കുന്നത്.
കർക്കടകത്തിൽ ദഹനശക്തിയും ദേഹബലവും നന്നേ കുറഞ്ഞിരിക്കും. തിരക്കുപിടിച്ച ഇന്നത്തെ ദൈനംദിന ചുറ്റുപാടിന് ആവശ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഊന്നൽ നൽകുന്നതാണ് കർക്കടകചികിത്സ. ഔഷധങ്ങളുടെ ഫലസിദ്ധി വർധിക്കുന്ന കാലമത്രെ കർക്കടകം.
മറ്റു ചികിത്സകൾ ചെയ്യാൻ കഴിയാത്തവർക്ക്, കർക്കടകത്തിൽ ഒരു മാസം കൃത്യമായ ഭക്ഷണശീലങ്ങളിലൂടെയും ഔഷധ സേവനത്തിലൂടെയും മറ്റും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു സമഗ്രചികിത്സാരീതിയാണിത്. അതുകൊണ്ടുതന്നെ ഒരു മാസം ചെയ്യുന്ന ചികിത്സ ഒരു വർഷത്തേക്കു തന്നെ ആരോഗ്യത്തിനും മുതൽക്കൂട്ടാകുന്നു.
