ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി (താരിഫ്) ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്ന തേഹ്റാൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടി.തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. “ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ ബിസിനസുകൾക്കും 25 ശതമാനം അധിക താരിഫ് നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമവും നിർണ്ണായകവുമാണ്”- ട്രംപ് കുറിച്ചു.അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന സന്ദേശം ഇറാൻ നൽകിയതായും എന്നാൽ താൻ അതിന് മുൻപേ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും കറൻസി തകർച്ചയുമാണ് നിലവിലെ പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയത്. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായാണ് ഈ പ്രതിഷേധങ്ങൾ വിലയിരുത്തപ്പെടുന്നത്.
ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം അധിക നികുതി; കടുത്ത പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്.
