സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാണുന്ന രോഗങ്ങളിൽ ഒന്നായി മാറുകയാണ് ഫാറ്റിലിവർ. ശരാശരി പത്തു പേരെ പരിശോധിച്ചാൽ അഞ്ചു പേർക്കും ഫാറ്റി ലിവർ എന്ന സ്ഥിതിയിലേക്ക് കടന്നിരിക്കുകയാണ് കേരളം. അതിമധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് മുതിർന്നവർ കുട്ടികൾക്ക് സ്നേഹത്തോടെ കൊടുക്കുന്നത്. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഡ ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ മലയാളികൾ ഒരു നിയന്ത്രണമില്ലാതെ ധാരാളമായി കഴിച്ചു തുടങ്ങിയിതിനാൽ ഞെട്ടിപ്പിക്കുന്ന അളവിലാണ് ശരീരത്തിലേക്ക് ഊർജത്തിൻ്റെ അളവ് വന്നു ചേരുന്നത്. എന്നാൽ ഇത്രയധികം ഊർജം ചെലവഴിക്കാൻ തക്കതായ ശാരീരികപ്രവർത്തനങ്ങൾ ഇല്ലതാനും.ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്പോൾ അധികമായി എത്തുന്ന ഊർജം മുഴുവൻ കൊഴുപ്പായി സൂക്ഷിക്കാനും ശരീരം നിർബന്ധിതമാകുന്നു. തുടർന്ന് അമിതഭാരവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമുണ്ടാകുന്നു.
മുൻകാലങ്ങളിൽ മദ്യപിക്കുന്നവരിൽ മാത്രമായിരുന്നു കൂടുതലായും കരൾ രോഗങ്ങൾ കണ്ടുവരുന്നത്. എന്നാൽ, ഇപ്പോൾ സ്ത്രീകളിലും കുട്ടികളിലും യുവാക്കളിലുമെല്ലാം രോഗലക്ഷണങ്ങൾ വ്യാപകമാവുന്നത് ആശങ്കാജനകമാണ്. കുട്ടികളിലും യുവാക്കളിലും വ്യാപകമായി കാണുന്ന നോൺ-ആൾക്കഹോളിക് ഫാറ്റി ലിവർ തീർത്തും ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലി ആരോഗ്യകരമായ രീതിയിൽ മാറ്റിയാൽ മറ്റ് സങ്കീർണതകളില്ലെങ്കിൽ സ്വയം ഭേദമാകാൻ സാധിക്കുന്ന അവസ്ഥയാണിത്. നമ്മുടെ ശരീരത്തിൽ കരൾ എന്ന അത്ഭുതഅവയവത്തിന് മാത്രമേ ഇങ്ങനെ സ്വയം ഭേദപ്പെടുത്താനുള്ള കഴിവുള്ളൂ. എന്നുകരുതി കരളിന്റെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധകൊടുക്കാതിരുന്നാൽ സിറോസിസ്, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും ഇടയുണ്ട്.
എന്താണ് ഫാറ്റിലിവര്‍?
ജീവിതശൈലീ മാറ്റങ്ങളിലൂടെ രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. സാധാരണഗതിയില്‍ ഫാറ്റിലിവര്‍ അപകടകാരി അല്ല. എന്നാല്‍, ഒരാള്‍ക്ക് ഫാറ്റിലിവര്‍ എന്ന അവസ്ഥ ഉണ്ടായതിനൊപ്പം ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ ഉണ്ടാവുകയോ/ കരൾ കോശങ്ങൾക്ക് നീർക്കെട്ട് കാണപ്പെടുകയോ ചെയ്താൽ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ തന്നെ ഫാറ്റിലിവറിനെ നിസ്സാരവത്കരിച്ച് തള്ളിക്കളയാന്‍ കഴിയില്ല.ഫാറ്റിലിവര്‍ പ്രധാനമായും കാണപ്പെടുന്നത് രണ്ട് തരത്തിലാണ്. ഇതില്‍ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും മദ്യപിക്കുന്നതിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരില്‍ കാണപ്പെടുന്നതും. സ്ഥിരമായി മദ്യപിക്കുന്നവരില്‍ മഹാഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. കൂടാതെ ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് രോഗം തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാം. തുടക്കത്തില്‍ വലിയ ലക്ഷണങ്ങളുണ്ടാകില്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. എന്തെങ്കിലും സാഹചര്യത്തില്‍ സ്‌കാനിംഗിനും മറ്റും വിധേയനാകുമ്പോഴാണ് തിരിച്ചറിയുക. അവസ്ഥ സങ്കീര്‍ണ്ണമാകുന്ന സാഹചര്യത്തില്‍ കരളിന് സ്ഥായിയായ കേടുകള്‍ വരുമ്പോഴാണ് രോഗ ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടുക.
ഫാറ്റിലിവറും സിറോസിസും
ഫാറ്റിലിവര്‍ സിറോസിസിലേക്ക് നയിക്കുമോ എന്ന ചോദ്യം പൊതുവെ എല്ലാവരിലുമുള്ളതാണ്. കരളിനെ ബാധിക്കുന്ന സ്ഥായിയായ കേടുപാടാണ് ലിവര്‍ സിറോസിസ് എന്നത്. എന്നാൽ എല്ലാ ഫാറ്റിലിവറും സിറോസിസിലേക്ക് നയിക്കണമെന്നില്ല. ഫാറ്റിലിവറിനൊപ്പം ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ അപാകതകള്‍ കൂടി വരികയും, കരൾ കോശങ്ങൾക്ക് നീർക്കെട്ട് വരികയോ, കരളിന് കട്ടി കൂടി വരികയോ കണ്ടെത്തിയാല്‍ ചിലപ്പോള്‍ സിറോസിസിലേക്ക് നയിക്കാനിടയാക്കിയേക്കാം. സിറോസിസ് ബാധിതനായി കഴിഞ്ഞാല്‍ കരളിനെ പൂര്‍വ്വ അവസ്ഥയിലേക്ക് പൂര്‍ണ്ണമായി എത്തിക്കുക എന്നത് തികച്ചും ദുഷ്കരമായ ഒരവസ്ഥയാണ്.
ചികിത്സ
ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം, വ്യായാമം തുടങ്ങിയവയാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടുക, ഒപ്പം ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്(കൊളസ്‌ട്രോള്‍) എന്നിവ നിയന്ത്രിക്കുകയും, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിന്‍തുടരുക എന്നതും പ്രധാനമാണ്. മരുന്നുകളില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്. ചുവന്ന ഇറച്ചി ഉള്‍പ്പെടെയുള്ള ചില ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍ത്തുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ വെള്ളം കുടിക്കുക, വ്യായാമം പിന്‍തുടരുക എന്നിവയും നിര്‍ബന്ധമാണ്.