യൂബര്‍, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് വെല്ലുവിളിയായി കേന്ദ്ര സർക്കാർ അടുത്തിടെ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരെയും യാത്രക്കാരെയും ചൂഷണം ചെയ്യുന്നുവെന്ന ആരോപണം ശക്തമായതും ഇങ്ങനെയൊരു നീക്കത്തിന് കാരണമായെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. സഹകരണ മേഖലയിൽ ആരംഭിച്ച ഭാരത് ടാക്സിയിൽ 500 രൂപ നിക്ഷേപിക്കുന്ന ഡ്രൈവർമാർക്ക് കമ്പനിയുടെ സഹ ഉടമകൾ ആകാമെന്നും മൂന്നു വർഷത്തിന് ശേഷം വലിയ നേട്ടമുണ്ടാക്കാമെന്നും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഡൽഹി എൻസിആർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ പ്രസ്താവന.എന്തുകൊണ്ടാണ് ഭാരത് ടാക്സി പോലുള്ളൊരു സംവിധാനം ആരംഭിച്ചതെന്ന കാര്യവും മന്ത്രി വിശദീകരിക്കുന്നുണ്ട്. ഡ്രൈവർമാർക്ക് മിനിമം പ്രതിഫലം നൽകാൻ കഴിയുമോയെന്ന് ഞാൻ മൂന്ന് ഓൺലൈൻ ടാക്സി കമ്പനികളോടും ചോദിച്ചിരുന്നു. എന്നാൽ അത് സാധ്യമല്ലെന്നായിരുന്നു അവരുടെ മറുപടി. ഭാരത് ടാക്സി അങ്ങനെ ആയിരിക്കില്ല. ഡ്രൈവർമാർക്ക് മിനിമം ശമ്പളം ഉറപ്പാക്കും. ഇനി കൂടുതൽ ദൂരം ഓടിയാൽ അതിനുള്ള പ്രതിഫലവും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കമ്മിഷനിൽ കയ്യിട്ടുവാരില്ല; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ, ഡ്രൈവർമാർക്ക് 80% ലാഭവിഹിതവും, ‘ഭാരത് ടാക്സി’ കളത്തിൽ…
