മുംബൈ: ലഹരിമരുന്ന് ഉപയോഗിച്ചതിന് ക്രിക്കറ്റിൽനിന്ന് ഒരുമാസത്തെ സസ്പെൻഷൻ നേരിട്ട ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ ഐ.പി.എല്ലിൽ തിരിച്ചെത്തുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം ഇറങ്ങിയേക്കുമെന്ന് ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ വിക്രം സോളങ്കി കഴിഞ്ഞ ദിവസം അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലിഗായ എസ്.എ20 ടൂർണമെൻ്റിനിടെയാണ് റബാദ ലഹരി ഉപയോഗിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഏപ്രിൽ ആദ്യ വാരം ഒരു മാസത്തെ സസ്പെൻഷൻ വിധിച്ചതോടെ താരം ഐ.പി.എൽ ക്യാമ്പിൽനിന്ന് തിരികെ മടങ്ങുകയായിരുന്നു.
“മുംബൈക്കെതിരായ മത്സരത്തിന് റബാദ ഉണ്ടായിരിക്കും. സസ്പെൻഷനുമായി ബന്ധപ്പെട്ട കാര്യത്തിൽ അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. തൻ്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായും അതിൽ ഖേദമുണ്ടെന്നും റബാദ വ്യക്തമാക്കിയിരുന്നു, കാര്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം ഇഷ്ടപ്പെടുന്ന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിനെ പോസിറ്റിവായി കാണുന്നു. ശിക്ഷ 30 ദിവസത്തേക്ക് മതിയോ എന്ന കാര്യത്തിൽ അതുമായി ബന്ധപ്പെട്ട ബോർഡാണ് തീരുമാനിക്കേണ്ടത്. സ്വയം തിരുത്തി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ ടൈറ്റൻസ് അംഗീകരിക്കുകയാണ്” – വിക്രം സോളങ്കി പറഞ്ഞു.