മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തം; സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ ദേവസ്വം മാനുവലും മിനിറ്റ്‌സും തിരുത്തി

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വം മാനുവലിലും മിനിറ്റ്‌സിലും മറ്റ് രേഖകളിലും തിരുത്തല്‍ വരുത്തിയെന്ന് എസ്‌ഐടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും പിന്നില്‍ പത്മകുമാര്‍ മാത്രമാണെന്ന ശങ്കരദാസിന്റേയും വിജയകുമാറിന്റേയും മൊഴികള്‍ ഖണ്ഡിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണിപ്പോള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ സന്നിധാനത്തു നിന്ന് കടത്തുന്നതിന് മൂന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഒരേ പോലെ സഹായിച്ചതായും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവസ്ഥാനത്തു തന്നെ നടത്തണമെന്ന ദേവസ്വം മാനുവലിലെ നിബന്ധനയാണ് 2019 മാര്‍ച്ച് 18 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മൂവരും ചേര്‍ന്ന് തിരുത്തിയത്. പാളികള്‍ പുറത്തേക്ക് കടത്താനുള്ള അനുമതിക്കായി വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതും മൂവരുടെയും അനുമതിയോടെയാണ്. യോഗ തീരുമാനത്തില്‍ ആരും വിയോജിപ്പ് രേഖപ്പെടുത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *