40 വയസ്സിന് ശേഷം പല സ്ത്രീകൾക്കും കാഴ്ചയ്ക്ക് മാറ്റങ്ങളുണ്ടാകാറുണ്ട്. 40-കളിലാണ് കാഴ്ചശക്തി കുറയുന്നത് മുതൽ ഡ്രൈനെസ്സ്, വീക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവയൊക്കെ വർധിക്കുന്നത് . അതിനാൽ തന്നെ ഈ ഘട്ടത്തിൽ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ആർത്തവവിരാമത്തോട് അടുക്കുമ്പോഴുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കണ്ണിനെ ബാധിച്ചേക്കും. ഇത് കണ്ണിന്റെ ലെൻസ് മുതൽ മര്‍ദ്ദത്തെ വരെ ബാധിച്ചേക്കാം. ഇതിനു പുറമെ വർധിച്ചുവരുന്ന സ്ക്രീൻ ടൈമും മലിനീകരണവും കൂടി ആകുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളാണ് കണ്ണിനെ ബാധിക്കുന്നത്.
പ്രായമാകുന്നതിനനുസരിച്ച് കണ്ണിന് ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയുകയും അടുത്തുള്ള വസ്തുക്കൾ കാണുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന രോഗമാണ് വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ). കണ്ണിനുള്ളിലെ ലെൻസിന് കട്ടികൂടി ലെൻസിനെ ബന്ധിപ്പിച്ചിരിക്കുന്ന പേശികൾക്ക് പ്രായമാകുംതോറും ഇലാസ്റ്റികതയും കാഴ്ചശേഷിയും നഷ്ടമാവുന്നതാണ് ഇതിന് കാരണം. നാൽപതുകളോടെ ആരംഭിക്കുന്ന ഈ പ്രശ്നം അറുപതുകളാവുമ്പോഴേക്കും വഷളാകും.
ആർത്തവവിരാമത്തിന് ശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങൾ മൂലം സ്ത്രീകളിൽ കണ്ണുകൾ വരണ്ടുപോകാൻ സാധ്യതയുള്ളതാണ് ഡ്രൈ ഐസ് . കണ്ണില്‍ പൊടി വീണതുപോലെ തോന്നുന്നതും എരിവും നീറ്റലുണ്ടാകുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവര്‍ക്കും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുള്ളവര്‍ക്കും തൈറോയ്ഡ്, പ്രമേഹം തുടങ്ങിയവ ഉള്ളവരിലുമൊക്കെ കണ്ണിലെ വരള്‍ച്ച കൂടുതലാവാറുണ്ട്. ഈ പ്രശ്നം വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.
കണ്ണിലെ ലെന്‍സില്‍ മൂടലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. 60 കഴിഞ്ഞവരുടെ അസുഖം എന്ന നിലയിൽ നിന്നൊക്കെ തിമിരം മാറിയിരിക്കുന്നു. 50-ന് താഴെയുള്ള ഒട്ടേറെ ആളുകളാണ് തിമിരശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്. . വ്യക്തമായ പ്രതിബിംബം റെറ്റിനയില്‍ ലഭിക്കുന്നതിന് ലെന്‍സ് സുതാര്യമായിരിക്കണം. അതുകൊണ്ടാണ് തിമിരം ബാധിക്കുമ്പോള്‍ കാഴ്ച മങ്ങുന്നത്.
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാട് വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. അസാധാരണമായി കണ്ണിലെ മര്‍ദ്ദം കൂടുന്നതിനാലാണ് (Intraocular Pressure – IOP) ഈ രോഗം കണ്ണിനെ ബാധിക്കുന്നത്. അതുപോലെ, പ്രമേഹമുള്ള സ്ത്രീകളിൽ സാധ്യത കൂടുതലാണ്
വായിക്കാനും മുഖങ്ങൾ തിരിച്ചറിയാനും വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗമാണ് മാകുലർ ഡിജനറേഷന്‍. 40-കളോടെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ധാരാളം ഇലക്കറികൾ അടങ്ങിയ ഭക്ഷണവും പതിവായുള്ള നേത്ര പരിശോധനകളും ആവശ്യമാണ്.