കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും,പ്രധാനമന്ത്രിയുടെ വാക്കുകളിൽ പൂർണ വിശ്വാസമാണെന്നും ആരതി പറഞ്ഞു.
ആരതിയുടെ കൺമുന്നിൽ വെച്ചാണ് ഭീകരർ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്.
ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.