മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ ഗംഭീര പ്രതികരണം നേടി തുടരുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ചിത്രം ബ്ലോക്ബസ്റ്ററിലേക്കു നീങ്ങുന്നുവെന്ന സൂചനയാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് മോഹൻലാലിനെയാണ് കാണാൻ കഴിഞ്ഞതെങ്കിൽ ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാം.
മോഹൻലാൽ എന്ന പെർഫോമറെ ഒരുപാട് നാളുകൾക്കുശേഷം കാണാനായി എന്നാണ് പ്രേക്ഷക പ്രതികരണം.ഒരു ഫീൽ ഗുഡ് പോലെ ആരംഭിക്കുന്ന സിനിമ ഇടവേളയോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു കളം മാറുന്നു. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ചിത്രത്തിലെ നായിക ശോഭനയാണ്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഒരിടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.