എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതായി എയർ ഇന്ത്യ. ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
പരിശോധനകളില്‍, മേല്‍പ്പറഞ്ഞ ലോക്കിങ് സംവിധാനത്തില്‍ ഒരു പ്രശ്‌നവും കണ്ടെത്തിയില്ല. ജൂലൈ 12-ന് എയര്‍ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയും ഡിജിസിഎ നിശ്ചയിച്ച നിശ്ചിത സമയപരിധിക്കുള്ളില്‍ അവ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇത് റെഗുലേറ്ററെ അറിയിച്ചിട്ടുണ്ട്’, അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വിച്ചുകള്‍ ഓഫായിരുന്നത് മനസ്സിലാക്കി പെട്ടെന്ന് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.