മുതിർന്ന പാര്‍ട്ടി നേതാവ് ജി.സുധാകരനും ഇടതുപക്ഷ നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ പുറത്തേക്ക് വരാറുണ്ട്. ഇപ്പോഴിതാ എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ.പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം ഫെയ്‌സ്ബുക്കില്‍ വന്ന് തെറി പറയുമ്പോള്‍ അതിനോട് പ്രതികരിക്കാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.’ആലപ്പുഴയില്‍ നടക്കുന്ന ‘വളരെ നികൃഷ്ടവും മ്ളേച്ഛവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ ഈ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ എ.കെ. ബാലന്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, നികൃഷ്ടമായ, വൃത്തികെട്ട മാര്‍ക്‌സിസ്റ്റ് വിരുദ്ധ സംസ്‌കാരം ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതെ തന്നെ ഉപദേശിക്കാന്‍ വരുന്നത് എന്തിനാണ് എന്നും ജി.സുധാകരന്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എ.കെ.ബാലന്‍ ജി.സുധാകരനെ വിമര്‍ശിച്ചിരുന്നു. ഇതാണ് ഇപ്പോഴുള്ള പ്രതികരണത്തിലേക്ക് നയിച്ചത്.’കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്’ എന്നായിരുന്നു സമീപകാലത്തെ സുധാകരന്റെ പ്രസ്താവനകളെ ലക്ഷ്യമിട്ട് ബാലന്‍ കുറിച്ചത്. താന്‍ മാറിയിട്ടില്ലെന്നും, മാറില്ലെന്നും ജി. സുധാകരന്‍ ബാലന് മറുപടിയായി പറഞ്ഞു. ബാലനെ പോലെ മാറാന്‍ എനിക്കാകില്ല. ഞാന്‍ ഇപ്പോഴും ലളിത ജീവിതമാണ് നയിക്കുന്നത്.തന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ സുധാകരന്‍ രംഗത്തെത്തിയതോടെ എ.കെ.ബാലന്‍ വിശദീകരണവുമായി എത്തി. അടുത്ത കാലത്ത് ജി.സുധാകരന് ചില ആശങ്കകളുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ട്. അത് ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് വേണ്ടപ്പെട്ടവര്‍ പരിശോധിക്കണം. അവഗണന ഉണ്ട് എന്ന് തോന്നുമ്പോള്‍ ചില അമര്‍ഷം ഉള്ളില്‍ തോന്നും. അത് ഒരിക്കലും പാര്‍ട്ടിയുടെ പൊതു ഇമേജിന് എതിരായി പുറത്ത് വരാന്‍ പാടില്ല എന്നും പറയുന്നു.അക്കാര്യത്തില്‍ വളരെ വാശിയുള്ള ഒരാളായിരുന്നു സുധാകരനെന്നും ബാലന്‍ വ്യക്തമാക്കി. മന്ത്രി സജി ചെറിയാനെതിരെയും സുധാകരന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി.
സജി ചെറിയാനും ആരിഫും അറിയാതെ എനിക്കെതിരെ പരാതി പോകില്ല. സുധാകരന്‍ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. പുറത്താക്കാനായിരുന്നു നീക്കം. അതിനായി പടക്കം പൊട്ടിച്ചു. സജി ചെറിയാന്‍ അതില്‍ പങ്കാളിയാണെന്നും സുധാകരന്‍ പറഞ്ഞു. ‘എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മിറ്റി കഴിഞ്ഞു വരുമ്പോള്‍ പിണറായി എന്നെ വിളിപ്പിച്ചു. ജയിച്ചുകഴിഞ്ഞ് എന്തിനാണ് ഈ എംഎല്‍എ പരാതി നല്‍കിയതെന്ന് എന്നോട് പിണറായി ചോദിച്ചു. എന്റെ സംശയവും ഇതാണ്. കോടിയേരിയും ചോദിച്ചു ഇതേ സംശയം. പിന്നെ ഒരു പരാതി ലഭിച്ചപ്പോള്‍ എളമരം കരീം അദ്ദേഹത്തിന് കഴിയുന്ന വിധത്തിലൊക്കെ ഇളക്കി. അതിനെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല’ സുധാകരന്‍ പറഞ്ഞു.
