ഗൂഗിൾ അതിന്‍റെ ആപ്പുകളിൽ ഉടനീളം ലളിതമായ അക്കൗണ്ട് സ്വിച്ചർ ഫീച്ചർ പുറത്തിറക്കി.ഇനി സ്മാർട്ട്‌ഫോണിലെ വ്യത്യസ്ത ഗൂഗിൾ അക്കൗണ്ടുകൾക്കിടയിൽ മാറുന്നത് എളുപ്പമാകും. വ്യത്യസ്‍ത പ്രൊഫൈലുകൾക്കിടയിൽ മാറാൻ കുറച്ച് ടാപ്പുകൾ മാത്രമേ ഇനി ആവശ്യമുള്ളൂ. ഈ വിധത്തിൽ,അക്കൗണ്ടുകൾ മാറുന്ന രീതി ഗൂഗിൾ അതിന്‍റെ പല ആപ്പുകളിലും മാറ്റുകയാണ്.
പുതിയതും മെച്ചപ്പെടുത്തിയതുമായ ഈ ഫീച്ചർ ഇപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റ് (പതിപ്പ് 9.9.58), വാലറ്റ് (പതിപ്പ് 25.20), ടാസ്‌ക്ക്സ് (പതിപ്പ് 2025.05.19) എന്നിവയിൽ ലഭ്യമാണ്. കമ്പ്യൂട്ടറിൽ കാണുന്നതുപോലെ തന്നെയാണ് ഈ പുതിയ ഡിസൈൻ. ഈ മാറ്റം ഗൂഗിൾ മാപ്പിലും നേരത്തെ കണ്ടിരുന്നു. കലണ്ടറിലും കീപ്പിലും ഈ ഫീച്ചര്‍ വരുന്നതിന്‍റെ സൂചനകളും ഉണ്ടായിരുന്നു.
മുൻപ് അക്കൗണ്ടുകൾ മാറാൻ ഒന്നിലധികം ഘട്ടങ്ങൾ പല ഗൂഗിൾ ആപ്പുകളിലും ആവശ്യമായിരുന്നു. ആദ്യം നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാനേജ് ചെയ്യുക എന്ന ഓപ്ഷനിലേക്ക് പോകുക. ഇതിനുശേഷം ഉപയോക്താവിന് തന്‍റെ പ്രൊഫൈലിന്‍റെ ലിസ്റ്റ് ലഭിക്കും. എന്നാൽ പുതിയ രൂപകൽപ്പന ഈ പ്രക്രിയയെ കൂടുതൽ ലളിതവും എളുപ്പവുമാക്കുന്നു.
പുതിയ രീതി അനുസരിച്ച് അക്കൗണ്ടുകൾ മാനേജ് ചെയ്യുന്നതിനുപകരം ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഫോട്ടോയിൽ ഇപ്പോൾ “അക്കൗണ്ട് മാറുക” എന്ന ഡ്രോപ്പ്ഡൗൺ ലഭിക്കും. അതിൽ ഒരിക്കൽ ടാപ്പ് ചെയ്താൽ ഉപയോക്താവിന്‍റെ മറ്റ് ലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ, പുതിയ അക്കൗണ്ട് ചേർക്കാനുള്ള ഓപ്ഷൻ, ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ കാണിക്കും. ഇവിടെ നിന്ന് തന്‍റെ മറ്റ് വിവിധ അക്കൗണ്ടുകൾക്കിടയിൽ ഉപഭോക്താക്കൾക്ക് മാറാൻ കഴിയും.