കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റി പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.