രക്ഷപ്പെടാനായി പൊലീസിന്‍റെ തോക്ക് പിടിച്ചു വാങ്ങി, പക്ഷെ വെടി പൊട്ടിയത് സ്വന്തം കാലിലേക്ക്;

ഭോപ്പാലിൽ പീഡന കേസിലെ പ്രതി രക്ഷപ്പെടാൻ പൊലീസിന്‍റെ തോക്ക് തട്ടിയെടുക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു. ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിടിയിലായ ഫർഹാൻ എന്നയാൾക്കാണ് വെടിയേറ്റത്. തോക്കിനായി പോലീസുകാരനുമായി പിടിവലി നടത്തുന്നതിനിടെ തിര നിറച്ചിരുന്ന തോക്കിൽ നിന്നും ഫർഹാന്‍റെ കാലിലേക്ക് തന്നെ വെടിവക്കുകയായിരുന്നു.

കാലിൽ ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. അതേസമയം, കൊലപാതക ശ്രമത്തിന് പൊലീസ് അധികൃതർ ഇയാൾക്കെതിരെ നടപടികൾ ആരംഭിച്ചു.

വെള്ളിയാഴ്ച്ച കസ്റ്റഡിയിലെടുത്ത ഫർഹാൻ മറ്റൊരു പ്രതിയുടെ ഒളിത്താവളം കാണിക്കാമെന്ന് പൊലീസിന് വാക്ക് കൊടുത്തിരുന്നു. ഇവിടേക്ക് പോകും വഴി, മൂത്രമൊഴിക്കണം എന്നാവശ്യപ്പെടുകയും വാഹനം നിർത്തുകയും ചെയ്തു. ഈ സമയത്താണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. കോളേജ് വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പീഡനത്തിനിരയാക്കിയ ശേഷം അത് റെക്കോർഡ് ചെയ്യുകയും അതുപയോഗിച്ച് ഭീഷണി പെടുത്തുകയും ചെയ്തതാണ് ഫർഹാനെതിരെയുള്ള കേസ്.

പ്രതികളുടെ ആവശ്യങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചാൽ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ലഹരി ഉപയോഗിച്ച ശേഷം പലതവണ തങ്ങളെ ആക്രമിച്ചതായും ഇരകൾ മൊ‍ഴി നൽകിയതായി പോലീസ് പറഞ്ഞു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *