കേരളത്തിൽ എച്ച്ഐവി കേസുകൾ കൂടുന്നു മുന്നിൽ എറണാകുളം കാരണങ്ങൾ ഇവ

സംസ്ഥാനത്ത്‌ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്‌ എറണാകുളം ജില്ലയിലാണെന്ന്‌ കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ ജില്ലയില്‍ പുതുതായി എച്ച്‌ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തിയത്‌ 160 പേര്‍ക്കാണ്‌. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്‌ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 2022-23 വര്‍ഷത്തില്‍ ഇവിടുത്തെ പുതിയ എച്ച്‌ഐവി കേസുകളുടെ എണ്ണത്തിലെ വര്‍ധന ശരാശരി 18 ആയിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ശീലങ്ങളും, ലഹരിമരുന്ന്‌ കുത്തിവയ്‌ക്കുന്ന സൂചികള്‍ പങ്കുവയ്‌ക്കുന്നതുമാണ്‌ എറണാകുളത്തെ എച്ച്‌ഐവി കേസുകളുടെ വര്‍ധനയ്‌ക്ക്‌ പിന്നിലെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളം കഴിഞ്ഞാല്‍ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്‌ തിരുവനന്തപുരത്തും തൃശൂരിലുമാണ്‌. ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ തിരുവനന്തപുരത്ത്‌ 82 ഉം തൃശൂരില്‍ 78 ഉം പുതിയ എച്ച്‌ഐവി കേസുകള്‍ രേഖപ്പെടുത്തി. 20നും 40നും ഇടയിലുള്ളവരിലാണ്‌ പ്രധാനമായും പുതിയ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഡേറ്റിങ്‌ ആപ്പുകളിലൂടെ പരിചയപ്പെടുന്നവര്‍ ഇരുവരുടെയും പശ്ചാത്തലം അറിയാതെ ആദ്യ കൂടിക്കാഴ്‌ചയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ട്രെന്‍ഡും എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കാനിടയാക്കുന്നതായി സംശയിക്കുന്നു. യുവാക്കളുടെ റിസ്‌ക്‌ എടുക്കാനുള്ള ഭയമില്ലായ്‌മയും ലൈംഗിക പങ്കാളികള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ കാണിക്കുന്ന വിമുഖതയും കൂടുതല്‍ പേരിലേക്ക്‌ എച്ച്‌ഐവി പടരാന്‍ ഇടയാക്കുന്നുണ്ട്‌.

മദ്യത്തിന്റെയും ലഹരി മരുന്നിന്റെയും സ്വാധീനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. മുപ്പതുകളിലുള്ള വിവാഹിതരായവര്‍ തങ്ങളുടെ പങ്കാളിക്ക്‌ പുറമേ മറ്റ്‌ പലരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സംരക്ഷിതമല്ലാത്ത ലൈംഗികതയിലേക്കും രോഗപടര്‍ച്ചയിലേക്കും നയിക്കുന്ന സാഹചര്യവുമുണ്ട്‌.എറണാകുളത്ത്‌ പുതുതായി എയ്‌ഡ്‌സ്‌ രോഗം ബാധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്‌. എച്ച്‌ഐവി പോസിറ്റീവായവര്‍ക്ക്‌ ആന്റി വൈറല്‍ മരുന്നുകളിലൂടെയും പോഷണസമ്പുഷ്ടമായ ആഹാരത്തിലൂടെയും ഒന്നിലധികം ലൈംഗിക പങ്കാളികളെ ഒഴിവാക്കിയുള്ള സുരക്ഷിതമായ ലൈംഗികതയിലൂടെയും തങ്ങളുടെ ശരീരത്തിലെ വൈറസിന്റെ ലോഡ്‌ കുറയ്‌ക്കാന്‍ സാധിക്കും. എന്നാല്‍ എച്ച്‌ഐവി വൈറസിന്റെ ലോഡ്‌ ക്രമാതീതമായി ഉയരുന്നതോടെ രോഗിക്ക്‌ ഒന്നിലധികം അണുബാധകള്‍ ഉണ്ടാകുകയും പ്രതിരോധശേഷി നല്‍കുന്ന ശ്വേതരക്ത കോശങ്ങള്‍ 200ന്‌ താഴേക്ക്‌ പോകുകയും ചെയ്യും;ഇത്‌ രോഗിയുടെ മരണം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യങ്ങളിലേക്ക്‌ നയിക്കും

Leave a Reply

Your email address will not be published. Required fields are marked *