സ്റ്റാർ ലിങ്ക് ഇന്ത്യയിലെത്തുമ്പോൾ പ്രത്യേക ഓഫർ ഉണ്ടാകുമോ?

രണ്ടു മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ ബ്രോഡ് ബാൻഡ് സേവനങ്ങൾ ആരംഭിയ്ക്കുവാനൊരുങ്ങി എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് ലൈസൻസ് ലഭിച്ചത്. നിലവിലുള്ള ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകളേക്കാള്‍ സ്റ്റാര്‍ലിങ്ക് നല്‍കാന്‍ പോകുന്ന സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് വില വളരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലും,ഭൂട്ടാനിലും ഇതിനകം സജീവമാണ്.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം താരതമ്യേന ചെലവേറിയതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

മെയ് മാസത്തില്‍, സ്റ്റാര്‍ലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് ബംഗ്ലാദേശില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യന്‍ രൂപ അനുസരിച്ച് 3000 മുതല്‍ 3150 രൂപ വരെയാണ്.കൂടാതെ പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് കുറഞ്ഞ ഉപയോഗമുള്ള ചെറിയ വീടുകള്‍ക്ക് അനുയോജ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് റെസിഡന്‍ഷ്യല്‍ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതല്‍ 4,500 വരെയാണ് വില വരിക. സാധാരണ ഗാര്‍ഹിക ഉപയോഗത്തിന് പരിധിയില്ലാത്ത ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കണക്ഷന്‍ സ്ഥാപിക്കുന്നതിന് ഹാര്‍ഡ്വെയര്‍ ചെലവ് ഇനത്തില്‍ 33,000 മുതല്‍ 39,000 രൂപ വരെ ഒറ്റത്തവണയായി ബംഗ്ലാദേശിലെ ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്.

ഈ ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ഇപ്പോഴും ചെലവേറിയതായിരിക്കും.ഇന്ത്യയില്‍, മിക്ക ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഏകദേശം 1,000 രൂപയാണ് ഒറ്റത്തവണ ഇന്‍സ്റ്റാലേഷന്‍ ഫീസ് ആയി ഈടാക്കുന്നത്. അതേസമയം പ്രതിമാസ ചാര്‍ജുകള്‍ 699 മുതല്‍ 999 രൂപ വരെയാണ്. ഇതിന് പുറമേ പരിധിയില്ലാത്ത അതിവേഗ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാര്‍ലിങ്ക് 50 മുതല്‍ 200 Mbps വരെയുള്ള ബ്രോഡ്ബാന്‍ഡ് വേഗത വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *