മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തെ പറ്റി ഗൗതം മേനോൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗൗതം വസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. വലിയ പ്രേക്ഷകശ്രദ്ധ നേടാനും ചിത്രത്തിന് കഴിഞ്ഞില്ല. ഇപ്പോഴിതാ കുറച്ചുകൂടി നന്നായി ചിത്രം പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ എന്ന് പറയുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്‍റെ പരസ്യ പ്രചരണം പ്രേക്ഷകരിലേക്ക് എത്താന്‍ പര്യാപ്തമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
“കുറച്ചുകൂടി നന്നായി ആ സിനിമ പ്രൊമോട്ട് ചെയ്തിരുന്നെങ്കിലെന്ന് എനിക്ക് തോന്നി. ജനങ്ങൾ ഡൊമിനിക്കിനെക്കുറിച്ച് അങ്ങനെ അറിഞ്ഞിരുന്നില്ല. മമ്മൂക്കയെ നായകനാക്കി നിങ്ങൾ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്യുന്നത് എപ്പോഴാണ് എന്ന ചോദ്യം ഇപ്പോഴും ആളുകൾ എന്നോട് ചോദിക്കാറുണ്ട്. ഒരു ജേണലിസ്റ്റ് എന്നോട് ചോദിച്ചു രണ്ട് ചിത്രങ്ങളാണല്ലോ നിങ്ങളുടേതായി പുറത്തെത്താനുള്ളത് എന്ന്, വിക്രം നായകനാവുന്ന ധ്രുവനക്ഷത്രവും മമ്മൂട്ടി നായകനാവുന്ന ഡൊമിനിക്കും എന്ന്. എന്നാൽ സിനിമ റിലീസ് ആയി എന്ന് ഞാൻ അയ്യാളോട് പറഞ്ഞു. കേരളത്തിലും ഞാൻ ഈ ചോദ്യം നേരിട്ടിട്ടുണ്ട്”, ഗൗതം മേനോന്‍ വ്യക്ഷമാക്കി.
ഡൊമിന്ക് ആന്‍ഡ് ദി ലേഡീസ് പഴ്സ് നിര്‍മ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ഈ ചിത്രം ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമായിരുന്നു. അതേസമയം വിഷു റിലീസ് ആയി തിയറ്ററുകളില്‍ ഇന്ന് എത്തിയ ‘ബസൂക്ക’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഗൗതം മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഡീനോ ഡെന്നിസ് ആണ്.