എടപ്പാൾ: റെയിൽവേ ട്രാക്കിൽ ഇമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടിൽ പരിശോധന നടത്തി പൊലീസ്.വാർത്ത പുറത്തുവന്നതിനു പിന്നാലെ സുകാന്തിന്റെ കുടുംബം വീടുപൂട്ടി താമസം മാറിയിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയ അന്വേഷണസംഘം, കുടുംബം അയൽവീട്ടിൽ ഏൽപിച്ചുപോയ താക്കോൽ വാങ്ങി വീടു തുറന്നു പരിശോധിക്കുകയായിരുന്നു. മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടു തകർത്താണ് പരിശോധന നടത്തിയത്.തിരുവനന്തപുരം പേട്ട പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനയിൽ ഒരു ഹാർഡ് ഡിസ്കും രണ്ടു പാസ്ബുക്കുകളും അന്വേഷണ സംഘം കണ്ടെത്തി.
കൂടാതെ മുറിയിലുണ്ടായിരുന്ന രേഖകളും പരിശോധിച്ചു.പേട്ട എസ്ഐ ബാലു, സിവിൽ പൊലീസ് ഓഫിസർ അൻസാർ, ചങ്ങരംകുളം സ്റ്റേഷനിലെ സീനിയർ സിപിഒ സബീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാർഡ് മെമ്പർ ഇ.എസ്.സുകുമാരനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അതെസമയം ഇവരുടെ വീട്ടിലെ വളർത്തുമൃഗങ്ങളെ നേരത്തെ പഞ്ചായത്ത് ഇടപെട്ട് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.