എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.സസ്പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് അന്വേഷണം. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരടങ്ങുന്നവർ ക്കാണ് അന്വേഷണ ചുമതല. അതേസമയം കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നൽകിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിൽ പറയുന്നു.
മെമ്മോയിലെ കുറ്റങ്ങൾ എല്ലാം നിഷേധിച്ചു. ഇതിന് പറയുന്ന ന്യായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ പറയുന്നു. അതേസമയം, സർക്കാർ നടപടിയിൽ നിരവധി പാകപ്പിഴകളുണ്ട്. പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ്. എന്നാൽ അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നവരാണ്.
പ്രശാന്തിന്റെ സസ്പെൻഷന് കാരണം ഇപ്പോഴത്തെ ചീഫ് സെക്രട്ടറിക്കെതിരായ ചില പ്രവർത്തനങ്ങളാണെന്ന് ആരോപണമുണ്ട് എന്നിരിക്കെ ഈ സാഹചര്യത്തിൽ, അന്വേഷണ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുടെ കീഴിൽ വരുന്നവരായതിനാൽ, അന്വേഷണം നീതിപൂർവ്വമാകുമോ എന്ന് പ്രശാന്തിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ആശങ്ക ഉയർത്തുന്നുണ്ട്.
സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുക.